തിരുവനന്തപുരം: അസാധാരണവും നാടകീയവുമായ സംഭവവികാസങ്ങൾക്കാണ് തലസ്ഥാന നഗരി ഇന്ന് സാക്ഷ്യം വഹിച്ചത്. വൈകിട്ട് അഞ്ചേ കാലോടെയാണ് സെക്രട്ടേറിയറ്റിൽ തീപിടുത്തമുണ്ടായെന്ന വാർത്ത വരുന്നത്. പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം അഗ്നിശമന സേന അണച്ചുവെന്നും, ഏതാനം ഫയലുകൾ കത്തി നശിച്ചെന്നുമായിരുന്നു അദ്യമെത്തിയ വാർത്ത. കമ്പ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യുട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാരുടെ പ്രതികരണവുമെത്തി.

 

Read more at: കത്തിയതോ കത്തിച്ചതോ? സെക്രട്ടേറിയറ്റ് തീപ്പിടുത്തത്തിൽ ആളിപ്പടർന്ന് രാഷ്ട്രീയ വിവാദം ...

കോൺഗ്രസും ബിജെപിയും വിഷയമേറ്റെടുക്കുന്നതാണ് പിന്നാലെ കണ്ടത് അഴിമതി ഒളിക്കാനും തെളിവുകൾ നശിപ്പിക്കാനുമാണ് ശ്രമമെന്നും സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പിന്നാലെ സുപ്രധാന ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന പൊതുഭരണ വകുപ്പിന്‍റെ വിശദീകരണമെത്തി. റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകൾ വെച്ചിരിക്കുന്ന റാക്കിൽ ആണ് തീ പിടുത്തം ഉണ്ടായതെന്നും ബാക്കി ഫയലുകൾ സുരക്ഷിതമാണെന്നുമായിരുന്നു വിശദീകരണം. 

ഈ വിശദീകരണം വന്നതിന് തൊട്ട് പിന്നാലെ തീപിടിത്തം ആസൂത്രിതമാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ഇവിടെ നിന്നാണ് കാര്യങ്ങൾ അടുത്ത തലത്തിലേക്ക് കടക്കുന്നത് സെക്രട്ടേറിയേറ്റിലെത്തിയ പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളപ്പിൽ പ്രതിഷേധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. 

 

ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നേരിട്ട് സ്ഥത്തെത്തി മാധ്യമങ്ങളോട് അടക്കം പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്നും പുറത്ത് പോകണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിൽ രാഷ്ട്രീയ പ്രസംഗം പാടില്ലെന്നും. ആക്ഷേപങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും സംഭവിച്ചതെന്താണെന്ന് അന്വേഷിച്ച ശേഷം അറിയിക്കാമെന്നും ചീഫ് സെക്രട്ടറി പ്രസ്താവിച്ചു. പക്ഷേ നാടകം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. 

കൂടുതൽ കോൺഗ്രസ്-ബിജെപി പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തെത്തി. ചീഫ് സെക്രട്ടറി നേരിട്ടെത്തി പൊതു പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. സംഭവ സ്ഥലത്തേക്ക് കടത്തി വിടാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വി എസ് ശിവകുമാർ എംഎൽഎ യും വിടിബൽറാമും യുഡിഎഫ് നേതാക്കളും കുത്തിയിരിക്കാൻ തുടങ്ങി. 

 

പിന്നാലെ പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും എത്തി. ചെന്നിത്തലയും സെക്രട്ടേറിയേറ്റ് കവാടത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഒടുവിൽ പ്രതിഷേധത്തിനൊടുവിൽ പ്രതിപക്ഷ നേതാവിനെയും ശിവകുമാറിനെയും ശബരീനാഥിനെയും ബൽറാമിനെയും സെക്രെട്ടറിയേറ്റിനു അകത്തേക്ക് കടത്തിവിട്ടു. 

അകത്ത് കയറി പുറത്ത് വന്ന ചെന്നിത്തല ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ. നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകളാണെന്നും സംഭവത്തെ കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നാളെ യുഡിഎഫ് കരിദിനം പ്രഖ്യാപിച്ചു. 

 

വിഐപികളെ കുറിച്ചും വിദേശ യാത്രകളെ കുറിച്ചും ഉള്ള ഫയലുകൾ നശിച്ചു എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കൽ ആണ് ഉണ്ടായതെന്നും. നിരവധി രഹസ്യ ഫയലുകൾ കത്തിയെന്നും ചെന്നിത്തല ആരോപിച്ചു. 

കേരളം ഭരിക്കുന്നത്  സ്റ്റാലിനാണോ എന്നും നാൽപത് മീറ്ററോളം ദുരെ ഉള്ള ഫയലുകൾ വരെ കത്തി നശിച്ചിട്ടുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു. ജീവനക്കാര്‍ ഇല്ലാത്ത സമയത്ത് എങ്ങനെയാണ് തീപ്പിടുത്തം ഉണ്ടായത് എന്ന് പോലും ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഇത്രയുമായപ്പോഴേക്ക് തീപിടുത്തം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന പ്രഖ്യാപനമെത്തി. ഫോറൻസിക് സംഘം തീപിടുത്തമുണ്ടായ സ്ഥലം പരിശോധിക്കുകയാണ്. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതിഥി മന്ദിരങ്ങൾ ബുക്ക് ചെയ്ത ഫയലുകൾക്കാണ് തീപിടിച്ചതെന്ന് പൊതുഭരണ വകുപ്പ് വീണ്ടും വ്യക്തമാക്കി.

സെക്രട്ടറിയേറ്റ് കലാപ ഭൂമിയാക്കാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന മറുപടിയുമായി മന്ത്രി ഇപി ജയരാജൻ രംഗത്തെത്തി. പൊലീസിനെയും  വിമർശിച്ച മന്ത്രി ആരെങ്കിലും അക്രമത്തിന് ശ്രമിച്ചാൽ അതിന് വഴിയൊരുക്കയാണോ പൊലീസ് ചെയ്യേണ്ടതെന്നും ചോദിച്ചു. ശാസ്ത്രീയമായി അന്വേഷണം നടത്താനാകുമെന്നും അതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും പറഞ്ഞ മന്ത്രി പ്രശ്നം വഷളാക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. 

പൊളിറ്റിക്കൽ 2A , 2b പൊളിറ്റിക്കൽ 5 എന്നീ സെക്ഷനുകളിലാണ് തീപ്പിടുത്തമുണ്ടായത് എന്നാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് അറിയിച്ചതെന്ന് പ്രതിപക്ഷ പ്രതിനിധികൾ പറയുന്നത്. വിഐപികളായി പ്രഖ്യാപിക്കാതെ തന്നെ സര്‍ക്കാര്‍ പരിഗണിക്കുന്ന വിഐപികളുമായി ബന്ധപ്പെട്ട ഫയലുകൾ  മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവ സൂക്ഷിച്ചിടത്താണ് തീപ്പിടുത്തം ഉണ്ടായതെന്ന വെളിപ്പെടുത്തലോടെ സ്വര്‍ണക്കടത്ത് കേസുമായി നേരിട്ട് സംഭവത്തെ എളുപ്പത്തിൽ ബന്ധിപ്പിക്കാനും പ്രതിപക്ഷത്തിന് ആയി. 

സെക്രട്ടേറിയറ്റിൽ നിന്നിറങ്ങിയ പ്രതിപക്ഷ നേതാവും സംഘവും നേരേ ചെന്നത് ഗവർണ്ണറുടെ അടുത്തേക്കാണ്. തീപിടുത്തവും പ്രതിപക്ഷത്തിന്‍റെ ആശങ്കയുമെല്ലാം ചെന്നിത്തല ഗവർണ്ണറെ അറിയിച്ചു. പക്ഷേ സെക്രട്ടേറിയറ്റ് പരിസരത്ത് അപ്പോഴും കലാപാന്തരീക്ഷം അടങ്ങിയിരുന്നില്ല.

Read more at:  പ്രതിപക്ഷനേതാവും ഗവര്‍ണറുമായി കൂടിക്കാഴ്ച, സ്വര്‍ണക്കടത്ത് കേസിലെ ഫയലുകളും നശിച്ചെന്ന് ചെന്നിത്തല; നാളെ കരിദിനം...

യൂത്ത് കോൺഗ്രസും യുവമോർച്ചയും പ്രതിഷേധവുമായി എത്തിയതോടെ ജലപീരങ്കി പ്രയോഗം. ബിജെപി പ്രവ‍ർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ച് സമരം തുടങ്ങി,. വീണ്ടും ജലപീരങ്ങി. ഇതിന് പിന്നാലെ വെൽഫെയർ പാർട്ടിയും പ്രതിഷേധവുമായി എത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് ലീഗും സമരത്തിനെത്തി.

രാത്രി വൈകിയും ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ കൊവിഡ് പൂർവ്വ കാലത്തെ ഓ‌‌ർമ്മിക്കുന്ന ബഹളം, സമരം, മുദ്രാവാക്യങ്ങൾ.

 

തീപിടിത്തം എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് അവസാനം വന്ന അറിയിപ്പ്. സ്പെഷ്യൽ സെൽ എസ്പിവി അജിത്തിനാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം അന്വേഷണം തുടങ്ങിക്കഴിഞ്ഞു. നിലവിൽ തീപിടുത്തമുണ്ടായ സ്ഥലം ചിത്രീകരിക്കുന്നുണ്ട്. 

Read more at: സെക്രട്ടറിയേറ്റിലെ തീപിടിത്തം: എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും...

കത്തിപ്പോയത് മുംബെ കേരള ഹൗസിൽ മുറി നൽകിയതുമായി ബന്ധപ്പെട്ട രേഖകളും വിജ്ഞാപനങ്ങളുമാണെന്ന് പൊതുഭരണ വകുപ്പിൻ്റെ വിശദീകരണം വന്നിട്ടുണ്ട്. എന്നാൽ ഈ കത്തിയ തീ വരും ദിവസങ്ങളിൽ കൂടുതൽ ആളിക്കത്തുമെന്ന് ഉറപ്പ്.