തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയ ഫോണ്‍ തന്‍റേതെന്ന് പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസിലെ ആറാം പ്രതി പ്രവീണ്‍. ഈ  ഫോണിലേക്കാണ് നസിം ചോദ്യപേപ്പർ അയച്ചത്. തെളിവ് നശിപ്പിക്കാൻ പാളയത്തെ ഒരു കടയിൽ വിറ്റതാണെന്നും പ്രവീണ്‍ സമ്മതിച്ചു. ജയിലില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രവീണിന്‍റെ കുറ്റസമ്മതം. പ്രതികള്‍ നശിപ്പിച്ചുവെന്ന് പറഞ്ഞ ഫോണാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവിൽ ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയത്. പിഎസ്‍സി പരീക്ഷാ തട്ടിപ്പിലെ നിർണ്ണായക തൊണ്ടിമുതലായ മൊബൈൽ ഫോൺ കിട്ടാത്തതായിരുന്നു ഇതുവരെ അന്വേഷണ സംഘത്തെ കുഴക്കിയിരുന്നത്. ക്രമക്കേടിന് ഉപയോഗിച്ച മൊബൈൽ ഫോണുകളെല്ലാം നശിപ്പിച്ചുവെന്നായിരുന്ന പ്രതികള്‍ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്.

രണ്ടാം പ്രതി നസീം പിഎസ്എസി ചോദ്യപേപ്പർ ഫോട്ടോയടുത്ത് ഒരു പ്രത്യേക ആപ്പ് വഴി പ്രവീണിന്‍റെ ഫോണിലേക്കാണ് അയച്ചുകൊടുത്തത്. ഇത് പരിശോധിച്ച് ഉത്തരങ്ങള്‍ തിരികെ അയച്ചതും ഇതേ ഫോണിൽ നിന്നായിരുന്നു. ഫോൺ നശിപ്പിച്ചെന്നായിരുന്നു പ്രവീണിന്‍റെ മൊഴി. വിശദമായ അന്വേഷണത്തിൽ പ്രവീൺ മാസത്തവണ വ്യവസ്ഥയിൽ പാളയം സ്റ്റാച്യൂവിലെ ഒരു കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്ന് തെളിഞ്ഞു.

കടയിലെ വിവരം അനുസരിച്ച് ഇഎംഐ നമ്പർ പരിശോധിച്ചപ്പോൾ ഫോൺ ബെംഗളൂരുവില്‍ ഉണ്ടെന്ന വിവരം കിട്ടിയത്. യശ്വന്ത്‍‌പൂരിലെ ഒരു തൊഴിലാളി ഉപയോഗിച്ചിരുന്ന ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുക്കുകയായിരുന്നു. ഉത്തരങ്ങൾ ചോർത്തിയശേഷം പ്രവീൺ പാളയത്തെ ഒരു കടയിൽ ഫോൺ വിൽക്കുകയായിരുന്നു. അവിടെ നിന്നും കൈമാറിയാണ് ഫോൺ ബെംഗളൂരുവിലെ തൊഴിലാളിക്ക് കിട്ടിയത്. ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. ക്രൈംബ്രാഞ്ച് എസ്ഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബെംഗളൂരുവില്‍ നിന്നും ഫോൺ പിടിച്ചെടുത്ത്. ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം.