Asianet News MalayalamAsianet News Malayalam

പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം 22-ാം ദിവസത്തിലേക്ക്; പിന്തുണയുമായി പ്രതിപക്ഷം

ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്യോഗാർത്ഥികളുടെ സമരം ശക്തിപ്പെടുന്നത് സർക്കാരിന് വലിയ വെല്ലുവിളിയാകുകയാണ്. 

psc rank holders protests  entered 22nd day
Author
Thiruvananthapuram, First Published Feb 16, 2021, 5:34 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‍സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ഇരുപത്തിരണ്ടാം ദിവസത്തിലേക്ക്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർ‍ഢ്യവുമായി യുവമോർച്ച പ്രവർത്തകർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ നടത്തുന്ന  നിരാഹാര സമരം ഇന്നും തുടരും. 

ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്യോഗാർത്ഥികളുടെ സമരം ശക്തിപ്പെടുന്നത് സർക്കാരിന് വലിയ വെല്ലുവിളിയാകുകയാണ്. തൊഴിൽ തേടിയുള്ള ഉദ്യോഗാർത്ഥികളുടെ സമരത്തെ ന്യായമല്ലെന്ന വാദം ആവർത്തിച്ചാണ് സർക്കാർ തള്ളിക്കളയുന്നത്. സമരത്തെ അവഗണിക്കുന്നതോടൊപ്പെം ഡിവൈഎഫ്ഐയെ വീടുകളിലേക്കിറക്കി നിയമനകണക്ക് നിരത്തി പ്രതിരോധം തീർക്കാനാണ് എൽഡിഎഫ് തീരുമാനം. നിയമന വിവാദം പ്രധാനരാഷ്ട്രീയവിഷയമായി മാറുമ്പോൾ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യുവാക്കൾ.

ഉദ്യോഗാർത്ഥികളുടെ സഹനസമരം കേരളം ഏറ്റെടുത്ത് ചർച്ചയാക്കുമ്പോഴും അവഗണിക്കാനാണ് സർക്കാർ തീരുമാനം. നിരത്തുന്നതാകട്ടെ സാങ്കേതിത വാദങ്ങളും. ലാസ്റ്റ് ഗ്രേഡ് തസ്തികയിലടക്കം റാങ്ക് പട്ടികയിലെ മുഴുവൻ പേർക്കും നിയമനം നൽകാനാകില്ല, ഒഴിവുകൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല, എല്ലാ പട്ടികയുടേയും കാലാവധി അനന്തമായി നീട്ടാനാകില്ല എന്നൊക്കെയാണ് സർക്കാർ സമീപനം. സാംപിൾ എന്ന നിലക്കായി ഡിവെഐഎഫ്ഐയെ ചർച്ചക്കിറക്കിയിട്ടും ഒത്ത് തീർപ്പിന് സമരക്കാർ തയ്യാറാകാത്തത് കൊണ്ടാണ് സർക്കാർ യുവാക്കളുമായി നേരിട്ട് ചർച്ചക്കിറങ്ങാത്തത്.ഒരു ലിസ്റ്റിൽ മാത്രം തീരുമാനമെടുത്താൽ കൂടുതൽ ലിസ്റ്റിലുള്ളവരും രംഗത്തിറങ്ങുമെന്നും സർക്കാർ കരുതുന്നു.

സമരത്തെ അവഗണിക്കുമ്പോഴും ജനവികാരം സർക്കാറിനെതിരെ ശക്തമാകുന്നത് കണ്ടാണ് ഡിവൈഎഫ്ഐയെ ഇറക്കിയുള്ള പ്രതിരോധം. ഈ സർക്കാറിന്റെ കാലത്ത് നടത്തിയ നിയമനങ്ങളും മുൻ സർക്കാറിലെ നിയമനങ്ങളും കേന്ദ്രസർക്കാർ തസ്തികകളിലെ ഒഴിവുമൊക്കെ നിരത്തിയാകും പ്രചാരണം. പ്രതിപക്ഷ പിന്തുണ വഴി പ്രശ്നം സജീവ രാഷ്ട്രീയപ്രശ്നമായി മാറുമ്പോഴും രാഷ്ട്രീയത്തിനപ്പുറം സമരത്തിൽ നിന്നും ഒട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ. ജില്ലകളിൽ നിന്നും കൂടുതൽ പേരെ ഇറക്കി വ്യത്യസ്തസമരമുറകൾ ഇനിയും പരീക്ഷിക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാറിന് അധികനാൾ കണ്ണടച്ച് മുന്നോട്ട് പോകാനാകില്ലെന്നാണ് യുവാക്കളുടെ കണക്ക് കൂട്ടൽ. ഇതിനിടെ സർക്കാർ ചർച്ചക്ക് തയ്യാറാകണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടത് എൽഡിഎഫിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios