ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്‍റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തു വന്നത്. എന്തുകൊണ്ട് 10 ചോദ്യങ്ങൾ ഒഴിവാക്കി എന്ന എസ് ഐ ടിയുടെ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന കണ്ടെത്തലിലാണ്.
തിരുവനന്തപുരം: പി എസ് സി കേസിൽ അന്വേഷണ സംഘം വിപുലീകരിക്കും. എസ് ഐ ടിക്ക് ലഭിച്ചത് 90 പരീക്ഷകൾ സംബന്ധിച്ച പരാതികളാണ്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ കൂടുതൽ അന്വേഷണത്തിന് എസ് ഐ ടി തീരുമാനിച്ചു. പി എസ് സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും. ക്രമക്കേടിൽ പങ്കുള്ളവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ എസ് ഐ ടിക്ക് ലഭിച്ചു. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ. ആസൂത്രിത ഗൂഢാലോചന നടന്നു എന്ന കണ്ടെത്തലിലാണ് എസ് ഐ ടി എത്തിനിൽക്കുന്നത്.
ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്‍റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തു വന്നത്. എന്തുകൊണ്ട് 10 ചോദ്യങ്ങൾ ഒഴിവാക്കി എന്ന എസ് ഐ ടിയുടെ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന കണ്ടെത്തലിലാണ്. ഒന്നാം റാങ്കുകാരൻ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തു. ഉത്തരങ്ങളിൽ 6 എണ്ണം തെറ്റിപ്പോയി. 4 എണ്ണം എഴുതിയില്ല. അതിനാൽ 10 ചോദ്യങ്ങൾ ഒഴിവാക്കി എന്നാണ് കണ്ടെത്തൽ. ഒന്നാം റാങ്ക് കിട്ടിയത് ഇടത് സംഘടനാ നേതാവിനാണ്.
അതേസമയം പിന്നോക്ക വികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്‌റ്റന്‍റ് നിയമനത്തിൽ കേസ് നിൽക്കില്ലെന്ന് എസ് ഐ ടി വിലയിരുത്തി. വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനം. കെ എ എസ് ഉൾപ്പെടെയുള്ള പരീക്ഷകൾ സംബന്ധിച്ച പരാതികൾ എസ് ഐ ടി അന്വേഷിക്കും.



