ഒരുകാലത്ത് ആ റിപ്പോർട്ടിനെയും പി ടി തോമസിനെയും മാധവ് ഗാഡ്ഗിലിനെയും തള്ളിപ്പറഞ്ഞവർക്ക് പിന്നീട് അംഗീകരിക്കേണ്ടിവന്നുവെന്നും സതീശൻ
ഫോട്ടോ: മാധവ് ഗാഡ്ഗിലിന് വേണ്ടി സാമൂഹ്യ പ്രവർത്തകൻ അഡ്വ. വിനോദ് പയ്യടം പ്രതിപക്ഷ നേതാവ് വി ഡി സതീശനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു
കൊച്ചി: അന്തരിച്ച എംപിയും എംഎൽഎയും കെപിസിസി വർക്കിങ് പ്രസിഡന്റുമായിരുന്ന പി ടി തോമസ് പരിസ്ഥിതി രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ച നേതാവായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കർഷകർക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു പി ടി. പരിസ്ഥിതി സൗഹാർദ്ദ രാഷ്ട്രീയം മരണം വരെയും അദ്ദേഹം മുറുകെപ്പിടിച്ചു. പി ടി യുടെ പേരിലുള്ള പുരസ്‌കാരത്തിന് ഏറ്റവും അർഹനാണ് മാധവ് ഗാഡ്ഗിലെന്നും സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ റിപ്പോർട്ട് കർഷകർക്കും പരിസ്ഥിതിയ്ക്കും ഏറെ ഗുണകരമായിരുന്നു. ഒരുകാലത്ത് ആ റിപ്പോർട്ടിനെയും പി ടി തോമസിനെയും മാധവ് ഗാഡ്ഗിലിനെയും തള്ളിപ്പറഞ്ഞവർക്ക് പിന്നീട് അംഗീകരിക്കേണ്ടിവന്നുവെന്നും സതീശൻ പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ നടന്ന മാനവ സംസ്കൃതിയുടെ പി ടി തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഗവൺമെന്‍റെ് നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി ചെയർമാനും, പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ മാധവ് ഗാഡ്ഗിലിന് പ്രഥമ പി ടി തോമസ് പുരസ്കാരം വി ഡി സതീശൻ സമ്മാനിച്ചു. മാധവ് ഗാഡ്ഗിലിന് വേണ്ടി സാമൂഹ്യ പ്രവർത്തകൻ അഡ്വ. വിനോദ് പയ്യടമാണ് ഏറ്റുവാങ്ങിയത്. ഒരു ലക്ഷം രൂപയും ഗാന്ധി പ്രതിമയും പ്രശസ്തി പത്രവും അടങ്ങിയതായിരുന്നു പുരസ്‌കാരം. ഇക്കൊല്ലത്തെ യുവ പ്രതിഭാ പുരസ്കാരം തിരുവനന്തപുരം ലോ കോളേജ് യൂണിയൻ ചെയർപേഴ്സൺ അപർണ കെ പ്രസന്നനും തൃശൂർ കേരള വർമ്മ കോളേജിലെ എസ് ശ്രീക്കുട്ടനും സമ്മാനിച്ചു.
മാനവ സംസ്‌കൃതി സംസ്ഥാന ചെയർമാൻ അനിൽ അക്കര അധ്യക്ഷത വഹിച്ചു. ജെബി മേത്തർ എംപി, എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്, റോജി എം ജോൺ, മുൻ എം പി കെ പി ധനപാലൻ, വീക്ഷണം മാനേജിങ് ഡയറക്ടർ ജയ്സൺ ജോസഫ്, ഗാന്ധി ദർശൻ വേദി സംസ്ഥാന പ്രസിഡന്റ് എം സി ദിലീപ് കുമാർ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെ വി പോൾ, ടി ബിനുരാജ്, സി സംഗീത തുടങ്ങിയവർ സംസാരിച്ചു.
