തിരുവനന്തപുരം: എ കെ ആന്റണിയ്ക്കെതിരെ മുഖ്യമന്ത്രിയുടെ കൂലിതൊഴിലാളികളായ സൈബര്‍ പട കടന്നാക്രമണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ്. ആന്റണി പറഞ്ഞതിന്റെ ശരി തെറ്റുകള്‍ പിണറായിയോടെങ്കിലും ചോദിച്ചു മനസ്സിലാക്കണമെന്നും പി ടി തോമസ് പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ അക്കാലം മുതല്‍ തുടങ്ങിവച്ച നേട്ടങ്ങളുടെ മുഖ്യ സ്ഥാനത്ത് ഇപ്പോള്‍ ഇരിക്കുന്നത് പിണറായി മാത്രമാണെന്നും 1940ല്‍ 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഒരു ലഘുലേഖ ഇ എം എസ് എഴുതിയതിനെ തുടര്‍ന്നാണ് ഐക്യ കേരളമെന്ന ആശയത്തിന് തുടക്കം കുറിച്ചതെന്നും കമ്മ്യൂണിസ്റ്റുകാര്‍ ഒരു കാലത്ത് പറഞ്ഞ് നടന്നിരുന്നു.

1800 ന്റെ ഉത്തരാര്‍ദ്ധത്തില്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും, പിന്നീട് കൊച്ചി രാജാവും അടക്കം നടത്തിയിട്ടുള്ള ഇടപെടലുകളെ മനഃപൂര്‍വം തമസ്‌ക്കരിച്ചുകൊണ്ടായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ ഇ എം എസ് പ്രചരണമെന്നും അതുപോലെയുള്ള മേനി പറച്ചിലാണ് ഇപ്പോള്‍ നടക്കുന്നതെന്നും പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അതുകൊണ്ട് അരിശം തീരാഞ്ഞു ആന്റണിക്കെതിരെ...

പിണറായിയുടെ കൂലി തൊഴിലാളികളായ സൈബര്‍ പട എ കെ ആന്റണിയെയും കടന്നാക്രമിച്ചു തുടങ്ങിയിരിക്കുന്നു. ആന്റണി പറഞ്ഞതിന്റെ ശരി തെറ്റുകള്‍ പിണറായിയോട് എങ്കിലും ചോദിച്ചു മനസിലാക്കുക.

1800 ന്റെ തുടക്കം മുതല്‍ പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മുന്നേറ്റവും അത് ഉണ്ടാക്കിയ നവോഥാന ചുവടുവയ്പുകളും ചരിത്ര ബോധം ഉള്ളവര്‍ക്കേ മനസിലാകൂ. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ അക്കാലം മുതല്‍ തുടങ്ങിവച്ച നേട്ടങ്ങളുടെ മുഖ്യ സ്ഥാനത്തു ഇപ്പോള്‍ ഇരിക്കുന്നത് പിണറായി ആണെന്ന് മാത്രം.

1940ല്‍ ' കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഒരു ലഘുലേഖ
ഇ എം എസ് എഴുതിയതിനെ തുടര്‍ന്നാണ് ഐക്യ കേരളമെന്ന ആശയത്തിന് തുടക്കം കുറിച്ചതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ ഒരു കാലത്ത് പറഞ്ഞ് നടന്നിരുന്നു.

1800 ന്റെ ഉത്തരാര്‍ദ്ധത്തില്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും, പിന്നീട് കൊച്ചി രാജാവും അടക്കം നടത്തിയിട്ടുള്ള ഇടപെടലുകളെ മനഃപൂര്‍വം തമസ്‌ക്കരിച്ചു കൊണ്ടായിരുന്നു കമ്മ്യൂണിസ്റ്റ് കാരുടെ ഇ എം എസ് പ്രചരണം. 1920 ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയും 1928 ല്‍ സമസ്ത കേരള സാഹിത്യ പരിഷത്തും അടക്കം നിരവധി രാഷ്ട്രീയ സാംസ്‌കാരിക സമുദായ സംഘടനകള്‍ ഉണ്ടായിരുന്നുയെന്ന ചരിത്ര സത്യം മറച്ചുവെച്ചായിരുന്നു ഐക്യ കേരളമെന്ന ആശയം ഇ എം എസ് ന്റേതാണെന്ന് ഈക്കുട്ടര്‍ പറഞ്ഞ് നടന്നിരുന്നത്. ഇത്തരം ഒരു മേനി പറച്ചിലാണ് ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ സംബന്ധിച്ച് പിണറായി പട ഇപ്പോള്‍ പറഞ്ഞ് നടക്കുന്നത്. ചില ചരിത്ര സത്യങ്ങള്‍ ചൂണ്ടിക്കാണിച്ച എ കെ ആന്റണിയെ അക്രമിക്കുന്നതിന് മുന്‍പ് ഈക്കുട്ടര്‍ അല്‍പ്പം ഗൃഹപാഠം ചെയ്തിരുന്നെങ്കില്‍...!

വാല്‍ക്കഷ്ണം

വാളയാറില്‍ പൊരിവെയിലില്‍ തളര്‍ന്ന് വീണവര്‍ക്ക് കൈത്താങ്ങ് നല്‍കിയ ജനപ്രതിനിധികള്‍ക്ക് ശകാരവര്‍ഷവും കൊറോണ പ്രോട്ടോകോള്‍ തെറ്റിച്ച കടകംപിള്ളിക്കും, മൊയ്ദീനും, ഡി ജി പി ക്കും ഗുഡ് സര്‍വീസ് എന്ററിയും നല്‍കുന്ന പിണറായിയുടെ നിഷ്പക്ഷത ' മാലോകര്‍ കാണുന്നുണ്ട്