ഇടുക്കി ജില്ലയിലെ കുമ്മംകല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കലാശക്കൊട്ട് നടത്തി. 40 ഓളം എൽ ഡി എഫ്  പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. അവസാന നിമിഷം പലയിടത്തും കൊവിഡ് നിയന്ത്രണങ്ങൾ പോലും മറികടന്നായിരുന്നു പ്രചാരണം. രഹസ്യ കൂട്ടുകെട്ട് പരസ്പരം ആരോപിച്ച് എൽഡിഎഫും യുഡിഎഫും ബിജെപിയും വാക്ക് പോര് കടുപ്പിച്ചു. അഞ്ച് ജില്ലകൾ മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

മുതിർന്ന നേതാക്കളും മന്ത്രിമാരുമെല്ലാം അവസാനലാപ്പിൽ കളത്തിലറിങ്ങിയാണ് ആവേശം കൂട്ടിയത്. ഒരു നിമിഷം പോലും പാഴാക്കാതെ വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികളും. പതിവ് കൊട്ടിക്കലാശമില്ലെങ്കിലും ആവശേത്തിന് ഒട്ടും കുറവില്ലായിരുന്നു. പലയിടത്തും പ്രചാരണം റോഡ് ഷോ ആയിത്തന്നെ മാറി. കൊല്ലം ചിതറയിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശി ത്രികോണപ്പോര് മുറുകുമ്പോൾ അവസാനലാപ്പിൽ സിപിഎം ശക്തമായി എടുത്തിടുന്നത് കോൺഗ്രസ്-ബിജെപി രഹസ്യബന്ധം.

ന്യൂനപക്ഷവോട്ടിൽ കണ്ണ് വെച്ച് മാത്രമല്ല പാർട്ടി സെക്രട്ടറി മുതൽ മന്ത്രിമാർ വരെ രഹസ്യബന്ധം ആരോപിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസികളെ പിന്തുണക്കുന്ന കോൺഗ്രസ്സും ബിജെപിയും ഒരേ തൂവൽപ്പക്ഷികളെന്ന് പറഞ്ഞ് അഴിമതിക്ക് കൂടി പ്രതിരോധം തീർക്കുകയാണ് സിപിഎം. എന്നാൽ അവിശുദ്ധ കൂട്ടുകെട്ട് സിപിഎമ്മും ബിജെപിയും തമ്മിലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ലാവലിൻ കേസിൽ പിണറായിയെ ബിജെപി സഹായിക്കുന്നത് ഉദാഹരണമെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎം ആരോപണത്തിന് പിന്നിൽ പരാജയഭീതിയെന്നും കോൺഗ്രസ് പറയുന്നു.

തിരുവനന്തപുരത്ത് അടക്കം ബിജെപിയുടെ വൻമുന്നേറ്റത്തിന് തടയിടാൻ ഇടതും വലതും തമ്മിൽ കൂട്ടുകെട്ടെന്നാണ് ബിജെപി ആരോപണം. അഴിമതി ചർച്ചയാകാതിരിക്കാനാണ് ഈ കൂട്ടുകെട്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. നാളെ നിശ്ശബ്ദ പ്രചാരണമാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ. മറ്റന്നാൾ പോളിങ് നടക്കും. മാസ്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ച് സാനിറ്റൈസറും ഉപയോഗിച്ചുള്ള വോട്ട് രേഖപ്പെടുത്തൽ നടക്കും.