പുനലൂർ സീറ്റ് മുസ്ലീം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. പി.സി.വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, നാമനിർദ്ദേശ പത്രിക നൽകുമെന്ന ഉറച്ച നിലപാടിലാണ് സഞ്ജയ് ഖാൻ.  

കൊല്ലം: പുനലൂരിൽ യുഡിഎഫിന് തലവേദനയായ വിമത നീക്കം തടയാൻ തിരക്കിട്ട നീക്കം. ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാനെ പിൻതിരിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ്. പി.സി.വിഷ്ണുനാഥ് സഞ്ജയ് ഖാനെ ഫോണിൽ വിളിച്ച് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. കടുത്ത തീരുമാനങ്ങൾ പാടില്ലെന്ന് പി.സി.വിഷ്ണുനാഥ് സഞ്ജയ് ഖാനെ അറിയിച്ചു. നാളെ നാമനിർദ്ദേശ പത്രിക നൽകുമെന്ന ഉറച്ച നിലപാടിലാണ് സഞ്ജയ് ഖാൻ. ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുനലൂരിൽ യുഡിഎഫിന് തലവേദനയായ വിമത നീക്കം

പുനലൂർ സീറ്റ് വീണ്ടും മുസ്ലീം ലീഗിന് നൽകിയതിന് പിന്നാലെ ഡിസിസി ഭാരവാഹിയായ നെൽസൺ സെബാസ്റ്റ്യനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വിമത സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കെ സി വേണുഗോപാലും കെപിസിസി പ്രസിഡൻ്റും ഇടപെട്ടതോടെ വിമതനെ പിൻവലിച്ചു. ഈ തീരുമാനമാണ് ഇന്ന് പുനലൂരിൽ നാടകീയ രംഗങ്ങൾക്കും പ്രഖ്യാപനത്തിനും വഴിവെച്ചത്. ലീഗിന് വഴങ്ങിയുള്ള നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ കോൺഗ്രസ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സഞ്ജയ് ഖാനെ നേതാക്കളും പ്രവർത്തകരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നാലെയാണ് പുനലൂരിൽ താൻ മത്സരിക്കുമെന്ന സഞ്ജയ് ഖാൻ്റെ പ്രഖ്യാപനം വന്നത്. തോൽക്കാൻ വേണ്ടിയാണ് വീണ്ടും ലീഗിന് സീറ്റ് നൽകിയത്. അതിന് ഒപ്പം നിൽക്കാൻ കഴിയില്ല. പുനലൂരിൽ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി സഞ്ജയ് ഖാനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനുകൂലികൾ പ്രചരണവും തുടങ്ങി. തനിക്ക് വാഗ്ദാനം ചെയ്ത സീറ്റാണ് നേതൃത്വം ലീഗിന് നൽകിയതെന്നും സഞ്ജയ് ഖാൻ പറയുന്നു.