Asianet News MalayalamAsianet News Malayalam

വരുമോ, കേരളത്തിന്‌ ഒരു ഔദ്യോഗിക തവള!

മണ്ണിനടിയില്‍ ജീവിക്കുന്ന പാതാളത്തവളകള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഭൂമിക്ക് മുകളിലേക്ക് വരിക. അതുമായി ബന്ധപ്പെടുത്തി ഇതിനെ മാവേലിത്തവള എന്ന് വിളിക്കാമെന്നും ആ പേരിലാവണം സംസ്ഥാനതവളയായി പ്രഖ്യാപിക്കാനെന്നുമാണ് സന്ദീപിന്‍റെ അഭിപ്രായം.

purple frog may become kerala official frog,  sandeep das
Author
Thiruvananthapuram, First Published May 3, 2019, 4:31 PM IST

തിരുവനന്തപുരം: കേരളത്തിന്‍റെ ഔദ്യോഗിക തവള ആയി പ്രഖ്യാപിക്കപ്പെടാന്‍ സാധ്യത എന്ന സൂചന പുറത്തുവന്നതോടെയാണ് പര്‍പ്പിള്‍ ഫ്രോഗ് എന്നറിയപ്പെടുന്ന പാതാളത്തവള താരമായത്.  പാതാളത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം വന്യജീവി ഉപദേശക ബോര്‍ഡിന്‍റെ അടുത്ത യോഗത്തില്‍ മുന്നോട്ട് വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗവേഷകര്‍. 'Nasikabatrachus sahyadrensis' എന്ന് ശാസ്ത്രീയനാമമുള്ള പര്‍പ്പിള്‍ ഫ്രോഗിനെ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക തവളയാക്കാനുള്ള നീക്കത്തിന് പിന്നിലെ പ്രധാനി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകനായ സന്ദീപ് ദാസ് ആണ്. 

എന്തുകൊണ്ട് പാതാളത്തവള

പാതാളത്തവളയെ കേരളത്തിന്‍റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളതെന്ന് സന്ദീപ് ദാസ് പറഞ്ഞു. മണ്ണിനടിയില്‍ ജീവിക്കുന്ന പാതാളത്തവളകള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഭൂമിക്ക് മുകളിലേക്ക് വരിക. അതുമായി ബന്ധപ്പെടുത്തി ഇതിനെ മാവേലിത്തവള എന്ന് വിളിക്കാമെന്നും ആ പേരിലാവണം സംസ്ഥാനതവളയായി പ്രഖ്യാപിക്കാനെന്നുമാണ് സന്ദീപിന്‍റെ അഭിപ്രായം.

എളുപ്പത്തില്‍ തിരിച്ചറിയാനാവും എന്നതാണ് മറ്റൊരു കാരണമായി സന്ദീപ് ചൂണ്ടിക്കാണിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ജിവിവര്‍ഗമായി ഐയുസിഎന്‍ പട്ടികയിലുള്‍പ്പെടുത്തിയിട്ടുള്ള പാതാളത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിച്ചാല്‍ അതിന്‍റെ സംരക്ഷണം കുറച്ചുകൂടി ഗൗരവതരമാകുമെന്ന പ്രതീക്ഷയും സന്ദീപിനുണ്ട്. 

ഏഷ്യയും ആഫ്രിക്കയും ഒരേ വന്‍കരയുടെ തുടര്‍ച്ചകളാണ് എന്നതിന്‍റെ തെളിവാണ് പാതാളത്തവളയുടെ ഇവിടുത്തെ സാന്നിധ്യം. (പാതാളത്തവളയോട് സാമ്യമുള്ള തവള ആഫ്രിക്കയില്‍ മാത്രമാണുള്ളത്.)അതും പാതാളത്തവളയെ ഔദ്യോഗിക സംസ്ഥാന തവളയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശത്തിന് കാരണമായിട്ടുണ്ടെന്ന് സന്ദീപ് ദാസ് പറഞ്ഞു.  

പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന ഇനമാണ് പാതാളത്തവള എന്നും പന്നിമൂക്കന്‍ എന്നും പേരുള്ള പര്‍പ്പിള്‍ ഫ്രോഗ്. മണ്ണിനടിയില്‍ ജീവിക്കുന്ന ഇവ വര്‍ഷത്തിലൊരിക്കല്‍ പ്രജനനം നടത്താന്‍ വേണ്ടി മാത്രമാണ് ഭൂമിക്ക് മുകളിലേക്ക് വരിക. 2003ല്‍ ദില്ലി സര്‍വ്വകലാശാലയിലെ പ്രൊഫ.എസ് ഡി ബിജുവും ബ്രസല്‍സ് ഫ്രീ സര്‍വ്വകലാശാലയിലെ ഫ്രാങ്കി ബൊസ്യൂട്ടും ചേര്‍ന്നാണ് ഇതിനെ ഇടുക്കിയില്‍ നിന്ന് കണ്ടെത്തിയത്. പാതാളത്തവളയുമായി ഏതെങ്കിലും തരത്തില്‍ അടുത്ത സാമ്യമുള്ള മറ്റൊരു തവളവിഭാഗത്തിനെ കാണാനാവുക ആഫ്രിക്കയിലെ മഡഗാസ്കററിന് സമീപത്തുള്ള സെയ്ഷേല്‍സ് ദ്വീപുകളിലാണെന്ന് സന്ദീപ് ദാസ് പറയുന്നു.

പാതാളത്തവളയെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം കേരള ഫോറസ്‌റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ മുന്‍ ഡയറക്ടര്‍ ഡോ.ഈസ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ ഗാര്‍ഡന്‌ മുന്നില്‍ നിര്‍ദേശം വച്ചിട്ടുണ്ട്‌. കൃഷി മന്ത്രിയോടും ഇതു സംബന്ധിച്ച്‌ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. സുവോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയിലെ ഡോ.ജാഫേര്‍ പാലറ്റ്‌ ആണ്‌ വന്യജീവി ഉപദേശക ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ ഈ നിര്‍ദേശം മുന്നോട്ട്‌ വയ്‌ക്കുക. ബോര്‍ഡാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നും സന്ദീപ്‌ ദാസ്‌ അറിയിച്ചു.

Follow Us:
Download App:
  • android
  • ios