ഇവരെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് മെഡിക്കൽ കോളജ് പൊലിസ് പറഞ്ഞു.

തിരുവനന്തപുരം: ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷ് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി. ഒരു മാസമായി പൊലിസ് അന്വേഷിച്ചിരുന്ന രാജേഷിന് മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് സ്റ്റേഷനിൽ ഹാജരായത്.

കഴിഞ്ഞ മാസം പത്തിനാണ് പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മെഡിക്കൽ കോളജ് പരിസരത്തെ ആംബുലൻസ് ഡ്രൈവർമാരെ രാജേഷ് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പൊലിസിനെ തമ്പാനൂ‍രിൽ വാഹനം ഉപേക്ഷിച്ച് രാജേഷും കൂട്ടുപ്രതിയായ സാബുവും തമിഴ്നാട്ടിലേക്ക് കടന്നു. ഒരു മാസം പൊലിസ് തപ്പിയിട്ടും കിട്ടാത്ത പ്രതിയാണ് ഇന്ന് സ്റ്റേഷനിലെത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് ശേഷം പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയാൽ ജാമ്യം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. പത്തരമണിയോടെയാണ് രാജേഷും സാബുവും സ്റ്റേഷനിലെത്തിയത്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ ഒളിവിലായിരുന്നുവെന്നാണ് പ്രതികള്‍ പറഞ്ഞത്. തലസ്ഥാനത്തെ നിരവധിക്കേസുകളിൽ പ്രതിയായിരുന്ന രാജേഷ് ഗുണ്ടാനിയമപ്രകാരവും ജയിലിൽ കിടന്നിട്ടുണ്ട്. രാജേഷിൻെറ സുഹൃത്തും മറ്റൊരു ഗുണ്ടാനേതാവുമായ ഓം പ്രകാശും വധശ്രമക്കേസിൽ ഒളിവിൽപോയിട്ടിതേവരെ പൊലിസ് പിടികൂടിയിട്ടില്ല. പ്രത്യേക സംഘം രൂപീകരിച്ച ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കയതല്ലാതെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. പാറ്റൂർ കേസിലും പൊലിസ് അന്വേഷിച്ചു നടന്ന പ്രധാന പ്രതികളായ നാലുപേ‍ർ ഹൈക്കോടതി കോടതി ഉത്തരവോടെ കോടതിയിൽ ഹാജരാവുകയായിരുന്നു