എറണാകുളം പുത്തന്‍വേലിക്കര പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്മാതാ പള്ളി വികാരിയായ എഡ്വിന്‍ ഫിഗറസിന്റെ ശിക്ഷയാണ് കോടതി മരവിപ്പിച്ചത്.
ദില്ലി: എറണാകുളം പുത്തന്‍വേലിക്കര പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് തീരുമാനം. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്മാതാ പള്ളി വികാരിയായ എഡ്വിന്‍ ഫിഗറസിന്റെ ശിക്ഷയാണ് കോടതി മരവിപ്പിച്ചത്. കേസില്‍ വൈദികന് ഹൈക്കോടതി വിധിച്ച 20 വര്‍ഷം തടവെന്ന ശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതി നൽകിയ ശിക്ഷയിൽ പകുതിയോളം ശിക്ഷാ കാലാവധി അനുഭവിച്ച സാഹചര്യത്തിലാണ് നടപടി. അപ്പീലിൽ സുപ്രീംകോടതി തീരുമാനം എടുക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചത്. കേസിലെ ഒന്നാം പ്രതിയാണ് വൈദികനായ എഡ്വിന്‍ ഫിഗറസ്.
എഡ്വിന്‍ ഫിഗറസിന് ഹൈക്കോടതി വിധിച്ചത് ജീവിതാവസാനം വരെ തടവുശിക്ഷ
കേസില്‍ എഡ്വിന്‍ ഫിഗറസിന് എറണാകുളം പോക്‌സോ കോടതി ജീവിതാവസാനം വരെയുള്ള തടവുശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് ഹൈക്കോടതി ഈ ശിക്ഷ 20 വര്‍ഷമായി കുറച്ച് ഉത്തരവിടുകയായിരുന്നു. 2015 ജനുവരി 12 മുതല്‍ മാര്‍ച്ച് 21 വരെ നിരവധി തവണ പതിനാലുകാരിയായ പെണ്‍കുട്ടിയെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കി എന്നായിരുന്നു കേസ്. പത്തുവര്‍ഷം മുമ്പ് നടന്ന സംഭവം അന്ന് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നുകേസിലെ രണ്ടാം പ്രതിയും എഡ്വിന്‍ ഫിഗറസിന്റെ സഹോദരനുമായ സില്‍വര്‍സ്റ്റര്‍ ഫിഗറസിന്റെ ശിക്ഷ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ പിവി സുരേന്ദ്രനാഥ്, സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. എഡ്വിന്‍ ഫിഗറസിനായി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, അഭിഭാഷക സ്വീന മാധവൻ നായർ എന്നിവരും ഹാജരായി.


