Asianet News MalayalamAsianet News Malayalam

മാനസികാരോഗ്യ കേന്ദ്രത്തിലെ തുടര്‍ മരണം, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

മൂന്ന് ദിവസം മുന്‍പാണ് ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒൻപത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരിൽ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലും ഒരാള്‍ ഇന്ന് രാവിലെയും മരിച്ചു. 

puthujeevan rehabilitation centre three people death  health minister seeks report
Author
Kottayam, First Published Feb 29, 2020, 4:59 PM IST

കോട്ടയം: ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

മരണം സംഭവിച്ചപ്പോള്‍ തന്നെ അന്വേഷണം നടത്തിയിരുന്നു. രണ്ടാമത്തെ മരണം ഉണ്ടായപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് പറഞ്ഞെങ്കിലും ബന്ധുക്കള്‍ അതിന് തയ്യാറായില്ല. മൂന്നാമത്തെ മരണം നടന്നതോടെ നിര്‍ബന്ധമായും മരണ കാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദേശം നല്‍കി. സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ കൊറോണ വൈറസ് അല്ലെന്ന് തെളിഞ്ഞിരുന്നു. മറ്റെന്ത് കാരണം കൊണ്ടാണ് തുടര്‍ച്ചയായ മരണം ഉണ്ടായതെന്ന് കണ്ടെത്തുവാന്‍ വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തില്‍ മെഡിസിന്‍, സൈക്യാര്‍ട്രി വിഭാഗം പ്രൊഫസര്‍മാരുള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മൂന്ന് ദിവസം മുന്‍പാണ് ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒൻപത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി, തിരുവല്ലയിലെ തന്നെ മറ്റൊരു ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരിൽ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലും ഒരാള്‍ ഇന്ന് രാവിലെയും മരിച്ചു. 

ചങ്ങനാശേരിയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ മൂന്ന് ദിവസത്തിനിടെ മൂന്ന് മരണം, ആറ് പേര്‍ അവശനിലയിൽ

രാത്രി പെട്ടെന്ന് പ്രഷര്‍ താഴ്ന്നതോടെ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മൂന്ന് പേരുടെയും മരണം ഒരേ രീതിയിലാണെന്നുമാണ് മരണത്തെക്കുറിച്ച് ഡിഎംഒയുടെ പ്രതികരണം. മരണകാരണം പകര്‍ച്ചവ്യാധികൊണ്ടല്ലെന്ന് വ്യക്തമായെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. 


 

Follow Us:
Download App:
  • android
  • ios