'പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാർട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയിൽ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇത്'

മലപ്പുറം: നിലമ്പൂരിലെ സാഹചര്യം വിലയിരുക്കാനുള്ള സി പി എം പ്രവര്‍ത്തക യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി വിമര്‍ശിച്ചെന്ന വാർത്തയോട് പ്രതികരിച്ച് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ രംഗത്ത്. ആര്‍ എസ് എസ് - സി പി എം സഹകരണ വിവാദ പരാമര്‍ശത്തിൽ മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഗോവിന്ദനെ പരോക്ഷമായി ഉന്നമിട്ട് മുഖ്യമന്ത്രി പറഞ്ഞെന്നായിരുന്നു വാർത്ത. പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി ശാസിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് അതിശയം തോന്നിയില്ലെന്നാണ് പി വി അൻവർ അഭിപ്രായപ്പെട്ടത്. പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാർട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയിൽ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇതെന്നും അൻവർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും ഇപ്പോൾ മനസിലായിക്കാണുമെന്നും സംസ്ഥാനത്തെ ജനങ്ങൾക്കും പാവപ്പെട്ട സഖാക്കൾക്കും വേണ്ടി പിണറായിസം നിർവ്വചിക്കാൻ സാധിച്ചതിൽ അഭിമാനം മാത്രമെന്നും അൻവർ കുറിച്ചിട്ടുണ്ട്.

അൻവറിന്‍റെ കുറിപ്പ്

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് സി പി എം വിളിച്ചു ചേർത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും യോഗത്തിൽ മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെ ശാസിച്ചു എന്ന വാർത്ത കേട്ടു.

മൈക്ക് കിട്ടുമ്പോൾ എന്തും വിളിച്ചു പറയരുതെന്ന് “സംസ്ഥാന സെക്രട്ടറിയായ” ഗോവിന്ദൻ മാഷെ മുഖ്യമന്ത്രി താക്കീത് ചെയ്തത്രേ!!!!!

എനിക്ക് അതിശയം തോന്നിയില്ല.

പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാർട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയിൽ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇത്.

പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും ഇപ്പോൾ മനസിലായിക്കാണും!!!!

സംസ്ഥാനത്തെ ജനങ്ങൾക്കും പാവപ്പെട്ട സഖാക്കൾക്കും വേണ്ടി പിണറായിസം നിർവ്വചിക്കാൻ സാധിച്ചതിൽ അഭിമാനം മാത്രം.

നിലമ്പൂർ വിധി ഇന്നറിയാം

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് നടക്കും. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ തുടങ്ങും. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം രാവിലെ 7.30 ന് തുറക്കും. 263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുക. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാൻ ആകുമെന്ന് യു ഡി എഫ് കണക്കുകൂട്ടുമ്പോൾ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പി വി അൻവർ പിടിക്കുന്ന വോട്ടുകളാണ് ഇരു മുന്നണികളുടെയും ചങ്കിടിപ്പേറ്റുന്നത്. ഇക്കുറി നില മെച്ചപ്പെടുത്താൻ ആകുമെന്ന് പ്രതീക്ഷയിലാണ് എൻ ഡി എ.