ഒരു മാസത്തോളമായി പിവി അൻവർ എംഎൽഎ നിലമ്പൂരിലില്ല. അദ്ദേഹം വിദേശത്ത് പോയെന്നാണ് അന്വേഷിക്കുന്നവരോട് സിപിഎം നേതാക്കളുടെ മറുപടി
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തടങ്കലിലാക്കിയിരിക്കുകയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡണ്ടിന്റെ ഫെയ്സ്ബുക് പേജിൽ മലയാളികളുടെ പരിഹാസ കമന്റുകൾ. അൻവർ മണ്ഡലത്തിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന് ആക്ഷേപിച്ച് യുഡിഎഫ് പ്രവർത്തകരാണ് കമന്റുകൾ പോസ്റ്റ് ചെയ്യുന്നത്. ആരോപണം നിഷേധിച്ച് ഫെയ്സ്ബുക്കിലൂടെ തന്നെ അൻവർ മറുപടി നൽകി. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്നാണ് അൻവറിന്റെ പോസ്റ്റ്.
ഒരു മാസത്തോളമായി പിവി അൻവർ എംഎൽഎ നിലമ്പൂരിലില്ല. അദ്ദേഹം വിദേശത്ത് പോയെന്നാണ് അന്വേഷിക്കുന്നവരോട് സിപിഎം നേതാക്കളുടെ മറുപടി. അത് വിശ്വസിക്കാതെ അൻവറിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകി. ഇപ്പോഴിതാ സൈബർ യൂത്തൻമാർ അൻവറിനെ തിരക്കി ഘാന പ്രസിഡണ്ട് നാന അകുഫോ അഡോയുടെ പേജിലുമെത്തി.
ജാപ്പാനിൽ നിന്ന് കാർമേഘമെത്തിക്കാനായി അൻവറിക്കയെ മോചിപ്പിക്കൂക, ഘാനച്ചേട്ടാ കനിയണം അമ്പർക്ക തല്ലുകൊള്ളി ആണേലും വിട്ടയക്കണം എന്നിങ്ങനെ പോകുന്നു മലയാളത്തിലുള്ള കമന്റുകൾ. മിക്ക പോസ്ററുകളും യുഡിഎഫ് പ്രവർത്തകരുടേതും അനുഭാവികളുടേതുമാണ്. പോസ്റ്റും ട്രോളും പെരുകിയതോടെ സാക്ഷാൽ അൻവർ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രത്യക്ഷപ്പെട്ടു.
'ആഗ്രഹങ്ങൾ കൊള്ളാം പക്ഷെ ആള് മാറിപ്പോയി. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരവേ എന്നാണ് അൻവറിന്റെ തിരിച്ചടി.' എവിടെയാണെന്നോ എന്ന് വരുമെന്നോ അൻവർ പറയുന്നില്ല. ഏതായാലും തെരഞ്ഞെടുപ്പ് അടുത്തതോടെ മണ്ഡലം വിട്ട് നിൽക്കുന്ന അൻവറിനെ വിടാനൊരുക്കമല്ല യുഡിഎഫ് ട്രോളൻമാർ. എന്നാൽ ഘാന പ്രസിഡന്റിന് കാര്യങ്ങൾ മനസിയാലോ ഇല്ലേയെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം.
