'എഡിജിപി സോളാർ കേസ് അട്ടിമറിച്ചു; പ്രതികളിൽ നിന്ന് പണം വാങ്ങി നല്‍കാമെന്ന് പരാതികാരിക്ക് ഉറപ്പ് നൽകി': അൻവർ
സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തൽ.
മലപ്പുറം: എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി വി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ ഓഡിയോയാണ് എംഎൽഎ പുറത്തുവിട്ടത്. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്നും എംഎല്‍എ ആരോപിക്കുന്നത്.
കെ സി വേണുഗോപാലുമായും എഡിജിപിക്ക് അടുത്ത ബന്ധമെന്നും പി വി അൻവർ ആരോപിക്കുന്നത്. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. ജീവിക്കാൻ ആവശ്യമായ പണം പ്രതികളുടെ കയ്യിൽ നിന്ന് വാങ്ങി നൽകാമെന്ന് അജിത്ത് കുമാർ പരാതിക്കാരിക്ക് ഉറപ്പ് നൽകി. ഇതോടെ പരാതിക്കാരി പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ ആരോപിക്കുന്നു.
Also Read: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും, പകരം സാധ്യത 2 പേര്‍ക്ക്
അജിത്ത് കുമാറിൻ്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിൻ്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോൺ ചോർത്തുന്നുവെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുറത്ത് വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൊടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.