Asianet News MalayalamAsianet News Malayalam

'ആഭ്യന്തരവകുപ്പിൽ മുഖ്യമന്ത്രി നോക്കുകുത്തി', ഭരിക്കുന്നത് ഉപജാപക സംഘമെന്ന് തെളിയിക്കുകയാണ് അൻവ‍ർ: സുധാകരൻ

ആഭ്യന്തരമന്ത്രിയുടെ കസേരയിലിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉപജാപക സംഘമാണ് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നത്

PV Anwar proves Home Department and ruling party CM Pinarayi is a shambles says Sudhakaran
Author
First Published Sep 1, 2024, 1:18 AM IST | Last Updated Sep 1, 2024, 1:18 AM IST

തിരുവനന്തപുരം: ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണ് ഭരണകക്ഷി എം എല്‍ എയും എസ് പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. പിണറായി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ക്രമസമാധാന ചുമതല വഹിക്കുന്ന എ ഡി ജി പി തൃശ്ശൂര്‍ പൂരം കലക്കി ബി ജെ പിക്ക് വിജയം ഒരുക്കിക്കൊടുത്തുയെന്ന ഭരണകക്ഷി എം എൽ എ അന്‍വറിന്‍റെ ആരോപണത്തിന്റെ മുനനീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും സുധാകരന്‍ പറഞ്ഞു.

എല്‍ ഡി എഫ് എം എല്‍ എയുമായി എസ് പി നടത്തിയ സംഭാഷണത്തില്‍ ക്രമസമാധാന ചുമതല വഹിക്കുന്ന എ ഡി ജി പിക്കെതിരായ വെളിപ്പെടുത്തലുകളും ഗൗരവകരമാണ്. എ ഡി ജി പിയെ തല്‍സ്ഥാനത്ത് നിന്ന്  മാറ്റിനിര്‍ത്തി ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്തണം. ആഭ്യന്തരമന്ത്രിയുടെ കസേരയിലിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉപജാപക സംഘമാണ് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നത്. ഭരണകക്ഷി എം എല്‍ എയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന് തെളിവാണ് പുറത്തുവന്ന ഫോണ്‍സംഭാഷണം. നിയമത്തോടും ജനങ്ങളോടും കടപ്പാട് പുലര്‍ത്തേണ്ട ഉദ്യോഗസ്ഥനാണ് തന്നെ സഹായിച്ചാല്‍ എം എല്‍ എയ്ക്ക് ആജീവനാന്തം വിധേയനായിരിക്കുമെന്ന് പറയുന്നത്. ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

ഭരണകക്ഷി എം എല്‍ എയ്ക്കുപോലും രക്ഷയില്ല. ആ സ്ഥിതിക്ക് സാധാരണ ജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ? പൊലീസിനെ സി പി എം രാഷ്ട്രീയവത്കരിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍. സി പി എമ്മിലെയും പൊലീസിലെയും ലോബിയാണ് സംസ്ഥാനം ഭരിക്കുന്നത്. പരിതാപകരവും പരിഹാസ്യവുമായ അവസ്ഥയാണിതെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

എറണാകുളം-കായംകുളം യാത്ര, അതും കെഎസ്ആർടിസിയിൽ, ആർക്കും സംശയം തോന്നില്ല! വഴിയിൽ പൊലീസ് തടഞ്ഞു, യുവാക്കൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios