കുന്നത്തുനാട് എൽഡിഎഫ് സ്ഥാനാർഥി പി വി ശ്രീനിജിൻ 554 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഫെയ്സ്ബുക്കിൽ കുറിച്ചത് വലിയ ചർച്ചയായി. ഈ സംഖ്യ യാദൃശ്ചികമല്ലെന്നും, അഞ്ച് വർഷത്തെ പ്രവർത്തനം, തൻ്റെ ജന്മദിനം, വോട്ടെണ്ണൽ തീയതി എന്നിവ ചേർന്നാണ് '554' എന്ന സംഖ്യ രൂപപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
കൊച്ചി: “ഞാൻ വിജയിക്കും... 554 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തോടെ”; കുന്നത്തുനാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി വി ശ്രീനിജിൻ എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ച ഈ വാചകമാണ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചത്. പ്രത്യേകിച്ച് ‘554’ എന്ന സംഖ്യയുടെ പിന്നിലെ അർഥം എന്താണെന്നായിരുന്നു ഏവരുടെയും ആകാംക്ഷ.
ഈ സംഖ്യ യാദൃശ്ചികമല്ലെന്നാണ് ശ്രീനിജിൻ പറയുന്നത്. മണ്ഡലത്തിൽ അഞ്ച് വർഷം നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിക്കുമെന്ന ആത്മവിശ്വാസത്തിന്റെ അടയാളമായാണ് ആദ്യത്തെ ‘5’ - ൽ എത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. രണ്ടാമത്തെ ‘5’ തന്റെ ജന്മദിനം അഞ്ചാം മാസം അഞ്ചാം തീയതിയിലാണെന്ന കാര്യം പരിഗണിച്ചാണെന്നും ശ്രീനിജിൻ പറഞ്ഞു. വോട്ടെണ്ണൽ നടക്കുന്നത് നാലാം തീയതിയായതിനാലാണ് അവസാനമായി ‘4’ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മൂന്ന് ഘടകങ്ങളും ചേർന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് ‘554’ എന്ന സംഖ്യയാണെന്നും, അതിലധികം ഭൂരിപക്ഷത്തിൽ ഇത്തവണയും വിജയിക്കുമെന്ന വിശ്വാസമുണ്ടെന്നും ശ്രീനിജിൻ പറഞ്ഞു. ശ്രീനിജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. അനുകൂലവും പ്രതികൂലവുമായ രാഷ്ട്രീയ പ്രതികരണങ്ങൾക്കൊപ്പം രസകരമായ കമന്റുകളും ശ്രദ്ധേയമായി.


