കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കളെ വരും ദിവസം ചോദ്യം ചെയ്യും. അതേ സമയം ഇപി ജയരാജൻ പ്രതിയായ കേസിൽ പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൊഴി രണ്ട് ദിവസത്തിനുള്ളിൽ രേഖപ്പെടുത്തും

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ (murder conspiracy case)പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെഎസ് ശബരീനാഥന് (ks sabarinathan)അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ച സമയപരിധി ഇന്ന് തീരും. മൂന്ന് ദിവസം ഹാജരാകാനായിരുന്നു ജാമ്യവ്യവസ്ഥ. കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കളെ വരും ദിവസം ചോദ്യം ചെയ്യും. അതേ സമയം ഇപി ജയരാജൻ പ്രതിയായ കേസിൽ പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൊഴി രണ്ട് ദിവസത്തിനുള്ളിൽ രേഖപ്പെടുത്തും. ഇപിയെയും മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സനൽ സ്റ്റാഫുകളെയും അടുത്തയാഴ്ചയാകും ചോദ്യം ചെയ്യുക. ഇതിനിടെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ കെപിസിസി പ്രസിഡണ്ടിൻറെയും പ്രതിപക്ഷനേതാവിൻറെയും പങ്ക് അന്വേഷിക്കണമെന്ന ഡിവൈഎഫ്ഐയുടെ പരാതി അന്വേഷണ ഉദ്യോഗസ്ഥന് സിറ്റി പൊലീസ് കമ്മീഷണർ കൈമാറി

YouTube video player

ഇതിനിടെ വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധതിന് പിന്നിലെ ഗൂഢാലോചനയിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈ എഫ് ഐ ഇന്ന് കോടതിയെ സമീപിക്കും.സമാന ആവശ്യത്തിൽ ഇന്നലെ സംഘടന ഡിജിപി ക്ക് പരാതി നൽകിയിരുന്നു. ഇപി ജയരാജനെതിരെ കേസ് എടുക്കാൻ ഉള്ള ഉത്തരവിനെ വിമർശിക്കുന്ന സിപിഎം നേതാക്കൾ ഡി വൈ എഫ് ഐ പരാതിയിലെ കോടതി നടപടിയെ കാത്തിരിക്കുകയാണ്

ഇൻഡിഗോ തിരുത്തിയാൽ നല്ലത്, തനിക്കെതിരായ കേസ് കോടതി നടപടിക്രമം: നിലപാടിൽ മാറ്റമില്ലെന്ന് ഇപി

ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന നിലപാടിൽ നിന്ന് പിന്മാറാതെ ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. ഇന്നലെ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസിലാണ് അദ്ദേഹം യാത്ര ചെയ്തത്. യാത്രക്കായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിയ അദ്ദേഹം തനിക്ക് എതിരെ വന്നത് കോടതിയുടെ നടപടി ക്രമം മാത്രമാണെന്ന് പറഞ്ഞു. താൻ ഇൻഡിഗോ വിമാനത്തിൽ കയറാതിരിക്കുന്നതിനെ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എഫ് ഐ ആറിൽ രേഖപ്പെടുത്തുന്നത് പരാതി നൽകുന്നവർ പറയുന്ന കാര്യങ്ങളാണെന്ന് പറഞ്ഞ് തനിക്കെതിരെ ചുമത്തിയ കേസിനെ അദ്ദേഹം നിസാരവത്കരിച്ചു. ഇൻഡിഗോ വിമാനക്കമ്പനി തിരുത്തിയാൽ നല്ലതാണെന്ന് പറഞ്ഞ ഇപി ജയരാജൻ, ഇൻഡിഗോ വിമാന കമ്പനിക്ക് എതിരായി താൻ എടുത്ത നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇപി ജയരാജനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്‍റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. ഇ പി ജയരാജൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീന്‍റെ മുഖത്ത് ഇടിച്ചു. പ്രതിഷേധിച്ച ഫർസീൻ മജീദിന്‍റെ കഴുത്ത് ജയരാജൻ ഞെരിച്ചുവെന്നും എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ച് പ്രതിഷേധിക്കാറായോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും എഫ് ഐ ആറില്‍ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ‍്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി എ സുനീഷ് എന്നിവർക്കെതിരെയാണ് കേസ്. വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്