'വീണ ജയിച്ച് മന്ത്രിയായി, തോറ്റ ഷാജി കുശുമ്പുകുത്തുന്നു'; പരാമർശം സംസ്‌കാരശൂന്യതയെന്നും ആർ ബിന്ദു
ഷാജിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തേയും സംസ്‌കാരശൂന്യതയേയും ശക്തമായി അപലപിക്കുന്നെന്നും ആർ ബിന്ദു

തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിനെതിരായ മുസ്ലീംലീഗ് നേതാവ് കെഎം ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി ആര്‍ ബിന്ദു. ഷാജിയും ലീഗും വെറും സാധനങ്ങള്‍ മാത്രമായാണ് സ്ത്രീകളെ കാണുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു. രണ്ടാം പ്രാവശ്യവും ജയിച്ച് മന്ത്രിയായി മുന്നോട്ടു പോകുന്ന മിടുക്കിയായ വീണയെ, പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നത് കാണുമ്പോള്‍ സ്വബോധമുള്ളവര്‍ക്ക് പ്രതികരിക്കാതിരിക്കാനാവില്ലെന്നും മന്ത്രി ബിന്ദു പറഞ്ഞു.
ആര്‍ ബിന്ദുവിന്റെ പ്രതികരണം: ''ആരോഗ്യമന്ത്രി സ വീണാ ജോര്‍ജ്ജിനെതിരായി കെ എം ഷാജി നടത്തിയ പരാമര്‍ശത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. വിദ്യാസമ്പന്നയും ബുദ്ധിമതിയും കര്‍മ്മകുശലയുമായ സ വീണ ഇതിനകം തന്റെ പ്രാഗത്ഭ്യവും ഇടപെടല്‍ ശേഷിയും നേതൃപാടവവും മികച്ച നിലയില്‍ തെളിയിച്ച വനിതാരത്‌നമാണ്. അവരെ അന്തവും കുന്തവുമില്ലാത്ത ''സാധനം'' എന്നാണ് ഷാജി വിശേഷിപ്പിച്ചത്. ഷാജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വെറും സാധനങ്ങള്‍ മാത്രമായാണ് സ്ത്രീകളെ തങ്ങള്‍ കാണുന്നത് എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു. മികച്ച ഭൂരിപക്ഷത്തിന് രണ്ടാം പ്രാവശ്യവും സ്വന്തം മണ്ഡലത്തില്‍ നിന്ന് ജനസമ്മതി നേടി ജയിച്ചു വന്ന് മന്ത്രിയായി ഏവരുടെയും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങി മുന്നോട്ടു പോകുന്ന മിടുക്കിയായ വീണയെ, പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നത് കാണുമ്പോള്‍, ആ വിരോധാഭാസത്തില്‍ സ്വബോധമുള്ളവര്‍ക്ക് പ്രതികരിക്കാതിരിക്കാനാവില്ല. ഷാജിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തേയും സംസ്‌കാരശൂന്യതയേയും ശക്തമായി അപലപിക്കുന്നു.''
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്നാണ് കെ എം ഷാജി പറഞ്ഞത്. വീണ ജോര്‍ജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നതെന്നും ഷാജി പറഞ്ഞു. മലപ്പുറം കുണ്ടൂര്‍ അത്താണി ലീഗ് സമ്മേളന വേദിയിലായിരുന്നു കെഎം ഷാജിയുടെ അതിര് വിട്ട പ്രതികരണം. വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് കാര്യങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ആരോഗ്യ മന്ത്രിയുടെ യോഗ്യത എന്താണെന്ന് ഷാജി ചോദിച്ചു. നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണ ജോര്‍ജിന്റെ മന്ത്രിപദവിയെന്നും ഷാജി പറഞ്ഞിരുന്നു.
കെഎം ഷാജി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണത വെളിവാക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്ഐയും പ്രതികരിച്ചു. സ്ത്രീകള്‍ ഉന്നത പദവികള്‍ വഹിക്കുന്നതും, രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതും അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയുള്ള വ്യക്തിയാണ് കെ.എം ഷാജി. പുരോഗമന രാഷ്ട്രീയത്തിന് എതിരായും വര്‍ഗീയമായും മാത്രം സംസാരിക്കുന്ന കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ളവരെ നിലക്കുനിര്‍ത്തുവാന്‍ മുസ്ലീം ലീഗ് തയ്യാറാവണം. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.