Asianet News MalayalamAsianet News Malayalam

നാല് ഭാഷകൾ സംസാരിക്കുന്നയാൾ: പൂർണ്ണിമാ മോഹന് യോഗ്യതകൾ കൂടുതല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

തെരഞ്ഞെടുത്തിട്ടുള്ള കാൻഡിഡേറ്റിൻ്റെ അപേക്ഷ മാത്രമാണ് ഈ പോസ്റ്റിലേക്ക് ലഭിച്ചത്. അവർ ബഹുഭാഷാ പണ്ഡിതയാണ്. ഒരുപാട് എഴുതുകയും വിവർത്തനങ്ങൾ ചെയ്യുകയും ചെയ്ത ആളാണ്.

r bindu support the appointment of dr poornima mohan
Author
Thiruvananthapuram, First Published Jul 15, 2021, 2:02 PM IST

തിരുവനന്തപുരം: മലയാളം മഹാ നിഘണ്ടു എഡിറ്റർ നിയമനത്തെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി. സർവ്വകലാശാല ഓർഡിനൻസ് മറികടന്ന് പൂർണ്ണിമ മോഹനനെ നിയമിച്ച കാര്യം തനിക്കറിയില്ലെന്നാണ് പ്രൊഫസർ ആ. ബിന്ദുവിൻറെ പ്രതികരണം. പൂർണ്ണിമാ മോഹന് യോഗ്യതയുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരം. പൂർണിമയുടേത് സ്ഥിരം നിയമനമല്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. 

തെരഞ്ഞെടുത്തിട്ടുള്ള കാൻഡിഡേറ്റിൻ്റെ അപേക്ഷ മാത്രമാണ് ഈ പോസ്റ്റിലേക്ക് ലഭിച്ചത്. അവർ ബഹുഭാഷാ പണ്ഡിതയാണ്. ഒരുപാട് എഴുതുകയും വിവർത്തനങ്ങൾ ചെയ്യുകയും ചെയ്ത ആളാണ്. നാല് ഭാഷകൾ അവർ സംസാരിക്കും. ഡെപ്യൂട്ടേഷനിൽ താത്കാലികമായിട്ടാണ് അവരുടെ നിയമനം. ക്വാളിഫിക്കേഷൻ ഇല്ലാത്ത ആളല്ല കൂടുതൽ യോഗ്യതകളുള്ള ആളാണ് പൂർണിമ - മന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനൻറെ ഭാര്യ ഡോ.പൂർണ്ണിമാ മോഹനൻറെ നിയമനമാണ് വിവാദത്തിലായിരിക്കുന്നത്. കാലടി സർവ്വകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപികയായ പൂർണ്ണിമാ മോഹനനെ മലയാള മഹാ നിഘണ്ടു വകുപ്പ് മേേധാവിയാക്കിയത് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം. 

സർവ്വകലാശാല ഓർഡിനൻസ് പ്രകാരം മലയാളം  ലെക്സിക്കൻ എഡിറ്റർ തസ്തികക്ക് വേണ്ട അടിസ്ഥാന യോഗ്യത മലയാള ഭാഷയിൽ ഒന്നാം ക്ലാസിലോ രണ്ടാം ക്ളാസിലോ ഉള്ള ബിരുദമാണ്. പൂർണ്ണിമാ മോഹനകാട്ടെ സംസ്കൃത അധ്യാപികയാണ്. എന്നാൽ സർവ്വകലാശാല അപേക്ഷ ക്ഷണിച്ച വിജ്ഞാപനത്തിൽ  മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള പിച്ച്എഡി എന്നാണ് പറയുന്നത്. ഓർഡിനൻസ് തന്നെ മറികടന്ന് പൂർണ്ണിമയെ തന്നെ നിയമിക്കാനാണ് ശ്രമം നടന്നതെന്നാണ് പരാതി

അതേ സമയം വിദ്ഗ്ധർ അടങ്ങിയെ സെലക്ഷൻ കമ്മിറ്റിയാണ് നിയമനം നടത്തിയതെന്നും ഡെപ്യൂട്ടേഷനിലാണ് നിയമനമെന്നും കേരള വിസി വിപി മഹാദേവപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. എന്നാൽ ഓർഡിനൻസിലെ യോഗ്യത മറികടന്നുവെന്ന  പരാതിയിലും ഓർഡിനൻസിൽ ഭേദഗതി നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനും  സർവ്വകലാശാലക്ക് കൃത്യമായി മറുപടിയില്ല. നിയമനത്തിനായി അപേക്ഷ ക്ഷണിച്ചപ്പോൾ പൂർണ്ണിമാ മോഹൻ മാത്രമാണ് അപേക്ഷ നൽകിയതെന്നുള്ള സർവ്വകലാശാല വിശദീകരണം സംശയങ്ങൾ കൂട്ടുന്നു. പരാതിയിൽ ഇനി ഗവർണ്ണറുടെ തു‍ടർനടപടിയാണ് പ്രധാനം.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios