അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ ജി.സുധാകരന് ക്ഷണിക്കാതിരുന്നത് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി നാസർ

ആലപ്പുഴ: ബിബിൻ സി ബാബു ബിജെപിയിൽ ചേ‍ർന്നത് ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത മൂലമല്ലെന്ന് ജില്ലാ സെക്രട്ടറി ആ‌ർ നാസർ. പാർട്ടി നടപടി നേരിട്ടത് കൊണ്ടാണ് ബിബിൻ ബിജെപിയിലേക്ക് പോയത്. ബിബിൻ കൈക്കൊണ്ടത് തെറ്റായ തീരുമാനമാണ്. സിപിഎമ്മിൽ മതനിരപേക്ഷത തകർന്നുവെന്ന് പറഞ്ഞ ബിബിൻ തെരഞ്ഞെടുത്തത് ആ‌ർഎസ്എസിൻ്റെ രാഷ്ട്രീയമല്ലേയെന്നും നാസർ ചോദിച്ചു.

മാതൃകാപരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിയാണ് ബിബിൻ. എന്നാൽ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായി. ഭാര്യയുടെ പരാതിയിൽ പാർട്ടി അന്വേഷണം നടത്തി. പരാതി സത്യമെന്ന് തെളിഞ്ഞതോടെ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തി. പാർട്ടിയിലേക്ക് തിരിച്ചു എടുക്കുന്ന കാര്യങ്ങൾ പാർട്ടി പരിഗണിച്ചിരുന്നു. അതിന് മുൻപ് ബിബിൻ ബിജെപിയിൽ ചേർന്നുവെന്നും നാസർ പറഞ്ഞു.

അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ ജി.സുധാകരന് ക്ഷണിക്കാതിരുന്നത് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണെന്നും നാസർ വിശദീകരിച്ചു. ജി സുധാകരൻ പാർട്ടി അംഗം മാത്രമാണ്. അദ്ദേഹത്തെ വിരോധം മൂലം ഒഴിവാക്കിയതല്ല. മറ്റു പദവികളിൽ നിന്ന് മാറി അദ്ദേഹം പാർട്ടിയുടെ താഴേ തട്ടിൽ പ്രവർത്തിക്കുന്ന ആളാണ്. പാർട്ടി പരിപാടികളിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കാറുണ്ട്. സമ്മേളനത്തിൽ പങ്കെടുപ്പിക്കണം എന്ന തരത്തിലേക്ക് വന്നില്ലെന്നും നാസർ പറഞ്ഞു.

YouTube video player