ട്രാൻസ്ജെൻഡറുകളെ മല കയറാൻ അനുവദിക്കരുതെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് അറിയിച്ചാണ് പൊലീസ് തടഞ്ഞതെന്നും ഹർജിയിൽ പറയുന്നു

കൊച്ചി: ശബരിമല ദർശനത്തിനെത്തിയ തന്നെ പൊലീസ് തടഞ്ഞെന്ന ട്രാൻസ്ജെൻഡർ യുവതിയുടെ പരാതിയിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടി. തമിഴ്നാട് സ്വദേശിയായ 48കാരി സത്യശ്രീ ശർമിള റഹ്മത്തലിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിക്കാതെ നോട്ടീസിന് കോടതി നിർദേശിച്ചു.വ്രതമെടുത്ത് ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ തന്നെ ട്രാൻസ്ജെൻഡർ ആണെന്ന കാരണത്താൽ പൊലീസ് തടഞ്ഞെന്നാണ് സത്യശ്രീയുടെ ആരോപണം. കഴിഞ്ഞ 20ന് പമ്പാ ഗണപതി കോവിലിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ട്രാൻസ്ജെൻഡറുകളെ മല കയറാൻ അനുവദിക്കരുതെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് അറിയിച്ചാണ് പൊലീസ് തടഞ്ഞതെന്നും ഹർജിയിൽ പറയുന്നു.

മുമ്പ് ശബരിമലയിൽ ദർശനം നടത്തിയിട്ടുള്ള തന്നെ ഇത്തവണ തടഞ്ഞത് വിവേചനപരമായ നടപടിയാണെന്നും സത്യശ്രീ ആരോപിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ മടക്കി അയച്ചതായും അവർ ഹർജിയിൽ ചൂണ്ടിക്കാണിച്ചു. ഇരുമുടിക്കെട്ട് ബലമായി വാങ്ങിയെന്നും സംഭവം കടുത്ത മാനസിക വിഷമത്തിന് കാരണമായെന്നും സത്യശ്രീ പറയുന്നു. ഹർജി സെപ്റ്റംബർ മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം