ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്ന് രാഹുല്‍ ഈശ്വർ. കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം

തിരുവനന്തപുരം: ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്നും ഞങ്ങളെ പോലുള്ളവർ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നല്‍കണം എന്നും രാഹുല്‍ ഈശ്വർ. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. കിഡ്നിക്ക് പ്രശ്നം ആവുന്നു എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയു കിടന്നു. 11 ദിവസമായി ഞാന്‍ ജയിലില്‍ കിടക്കുന്നു സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണ്, എന്നെ ഇങ്ങനെ കിടത്തേണ്ട ഒരു ആവശ്യവുമില്ല. എന്‍റെ 11 കിലോ കുറഞ്ഞു എന്നും രാഹുല്‍ ഈശ്വർ പ്രതികരിച്ചു.

ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട് പറയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. 3 ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. ആറാം തീയതി കോടതി ജാമ്യം നിഷേധിച്ചതോടെയാണ് രാഹുൽ ഈശ്വറിന്‍റെ പിന്മാറ്റം. അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് നേരത്തെ കോടതിയിലും അറിയിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുൽ ഈശ്വർ. കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വർ വാദിച്ചിരുന്നു. പോസ്റ്റ് പിൻവലിക്കാമെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരകളെ അവഹേളിച്ഛ് മുമ്പും രാഹുൽ പോസ്റ്റുകൾ ഇട്ടിട്ടിട്ടുണ്ടെന്നും ഈ കേസിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ഹർജി തള്ളിയത്.

YouTube video player