Asianet News MalayalamAsianet News Malayalam

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; പൊലീസിനെതിരെ എസ്എഫ്ഐ നേതാവ് അവിഷിത്ത്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിലെ അവിഷിത്ത് കെ ആറിനെ പ്രതി ചേര്‍ത്തിട്ടുണ്ട് എന്നാണ് വിവരം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ സ്റ്റാഫംഗമാണ് ഇയാള്‍.

rahul gandhi mp office attack case avishith k r against police
Author
Wayanad, First Published Jun 25, 2022, 12:56 PM IST

വയനാട്: പൊലീസിനെ വിമര്‍ശിച്ച് എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്‍റ് അവിഷിത്ത് കെ ആർ. കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കുമെന്ന് അവിഷിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിലെ അവിഷിത്ത് കെ ആറിനെ പ്രതി ചേര്‍ത്തിട്ടുണ്ട് എന്നാണ് വിവരം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ സ്റ്റാഫംഗമാണ് ഇയാള്‍. എന്നാല്‍, നിലവില്‍ ഇയാള്‍ തന്‍റെ സ്റ്റാഫംഗം അല്ലെന്നും ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ഒഴിവായി എന്നുമാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. 

അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ സിപിഎം സമ്മർദ്ദം ചെലുത്തുന്നു എന്നാണ് വിവരം. ഇയാൾ വൈകിയാണ് സംഭവസ്ഥലത്തെത്തിയത് എന്നാണ് സിപിഎം നേതാക്കൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കേസില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൽപ്പറ്റ പൊലീസാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് ഇന്നലെ അറസ്റ്റിലായത്. ഇവരെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കല്‍പ്പറ്റ മുന്‍സിഫ് കോടതിയുടെതാണ് നടപടി. പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് ആറ് പേരെ കൂടി കസ്റ്റഡിയിലെടുത്തത്. 

സംഭവത്തില്‍ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇന്ന് നടപടിയുണ്ടാകില്ലെന്നാണ് വിവരം. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരിക്കുന്നത്. എസ്എഫ്ഐ ജില്ലാ ഘടകത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉടൻ നടപടി എടുത്ത് വിവാദത്തിൽ നിന്നും തലയൂരാനാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതുപാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തൽ. അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു.

അവിഷിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

SFI എന്തിന് ബഫർസോൺ വിഷയത്തിൽ ഇടപെടണം SFI ക്ക് അതിൽ ഇടപെടാൻ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർത്ഥികൾ എന്ന നിലയിൽ SFI യുടെ കൂടെ വിഷയമാണ്...

സമരത്തിൽ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങൾ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ..

ഇപ്പോൾ വയനാട് MP വീണ്ടും 3 ദിവസത്തെ സന്ദർശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങൾ ആവർത്തിക്കുകയാണ് വയനാട് MP ക്ക് സന്ദർശനത്തിന് വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം..

ഈ സംഭവത്തിന്റെ പേരിൽ SFI യെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കിൽ കേരളത്തിലെ പോലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടി വരും..

Follow Us:
Download App:
  • android
  • ios