മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണ് ആക്രമണം ആസൂത്രണം ചെയ്യപ്പെട്ടതെന്നും, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് പ്രകടനം തുടങ്ങിയതെന്നും വി ഡി സതീശൻ ആരോപിച്ചു. ഇതിനിടെ ദേശാഭിമാനി ലേഖകൻ...
വയനാട്: മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് വയനാട്ടിൽ എസ്എഫ്ഐ നടപ്പാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിന് ശേഷമാണ് രാഹുലിന്റെ ഓഫീസ് ആക്രമണത്തിന് പദ്ധതി തയ്യാറായതെന്നും സതീശൻ ആരോപിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് പ്രകടനം തുടങ്ങിയതെന്നും, വാഴയുമായി പ്രകടനത്തിനെത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് പൂർണമായും പൊലീസിന്‍റെ പിന്തുണയുണ്ടായിരുന്നുവെന്നും സതീശൻ പറയുന്നു.
ഇതിനിടെ ദേശാഭിമാനി ലേഖകൻ ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ടത് ആരെന്ന് ചോദിച്ചതോടെ ബഹളമായി. ടി സിദ്ദിഖടക്കമുള്ള ആളുകളും ഒരു സംഘം മാധ്യമപ്രവർത്തകരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ ശബ്ദം കേട്ട് അകത്തേക്ക് കയറിയ പൊലീസിന് നേരെ ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് പൊട്ടിത്തെറിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാൻ കഴിയാതിരുന്ന പൊലീസ് തൽക്കാലം ഇവിടെ വന്ന് സുരക്ഷ തരണ്ട എന്നായിരുന്നു നേതാക്കളുടെ വാദം.
'പോയി ക്രിമിനലുകൾക്ക് പ്രൊട്ടക്ഷൻ കൊടുക്ക്, ഞങ്ങൾക്ക് നിങ്ങളുടെ പ്രൊട്ടക്ഷനൊന്നും വേണ്ട', ടി സിദ്ദിഖ് പൊട്ടിത്തെറിച്ചു. നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സംഘം ഡിസിസി ഓഫീസിന് പുറത്തേക്ക് മാറുകയായിരുന്നു. പൊലീസിന്‍റെ അനാസ്ഥയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ഇത്തരത്തിൽ ആക്രമിക്കപ്പെടാൻ കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതിനാൽത്തന്നെ ആ ഓഫീസിന് സുരക്ഷയൊരുക്കാൻ കഴിയാതിരുന്ന പൊലീസ് തൽക്കാലം ഡിസിസി ഓഫീസിന് സുരക്ഷയൊരുക്കാൻ വരണ്ട എന്നായിരുന്നു നേതാക്കൾ പറഞ്ഞത്.
''ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് സംരക്ഷിക്കാനും ഇവിടത്തെ പ്രവർത്തകരെ സംരക്ഷിക്കാനും കോൺഗ്രസുകാർക്കറിയാം. അതിന് പിണറായിയുടെ വാലാട്ടികളായ ഒരു പൊലീസുകാരും ആവശ്യമില്ല. ഈ ഡിസിസി ഓഫീസിലേക്ക് സുരക്ഷയുടെ പേര് പറഞ്ഞ് ഒരു പൊലീസും ഇങ്ങോട്ടും കയറേണ്ടതില്ല'', ഡിസിസി നേതാക്കൾ പറയുന്നു.
വീഡിയോ കാണാം: