നവാസ് ഷെരീഫിനെ കെട്ടിപ്പിടിക്കുന്നു, നവാസ് ഷെരീഫിനെ ഫോണില്‍ വിളിക്കുന്നു, സത്യപ്രതിജ്ഞാ ചടങ്ങിന് വിളിച്ചു വരുത്തി നാടകം കളിക്കുന്നു. ഇതൊക്കെ ചെയ്തത് ഞങ്ങളല്ല. ഇവിടെ വിഷയം റഫാല്‍ ഇടപാടില്‍ നടന്ന അഴിമതിയാണ്. അതാണ് ഇവിടെ ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. 

ദില്ലി: കോണ്‍ഗ്രസ് പാകിസ്ഥാന്‍റെ ഭാഷയില്‍ സംസാരിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തെ പരിഹസിച്ചു തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആയിരുന്നു രാഹുലിന്‍റെ പരിഹാസം. 

കോണ്‍ഗ്രസ് പാകിസ്ഥാന്‍റെ ഭാഷയില്‍ സംസാരിക്കുന്നുവെന്നാണല്ലോ ബിജെപി പറയുന്നതെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ രാഹുലിനോട് ചോദിച്ചു. ഉടനെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജോവാലയ്ക്ക് നേരെ തിരിഞ്ഞ രാഹുല്‍ നിങ്ങൾ ആരെങ്കിലും പാക്കിസ്ഥാനോട് ചർച്ച നടത്തിയോ എന്ന് ചോദിച്ചു. ഇതോടെ വാര്‍ത്താ സമ്മേളനത്തില്‍ ചിരിപൊട്ടി

രാഹുല്‍ സുര്‍ജോവാലയോട്... നിങ്ങളാരെങ്കിലും പാകിസ്താനോട് ചര്‍ച്ച നടത്തിയോ, നമ്മളാണോ പാകിസ്ഥാനില്‍ പോയി ചര്‍ച്ച നടത്തിയത്. (ശേഷം മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞ്) ആരാണ് പഠാന്‍കോട്ടില്‍ വന്നത്. അവിടെ വന്ന് അന്വേഷണമൊക്കെ നടത്തിയത് ആരാണ് ? 

മാധ്യമപ്രവര്‍ത്തകര്‍: ഐഎസ്ഐ

രാഹുല്‍: അതെ ഐഎസ്ഐ... പഠാന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ പ്രധാനമന്ത്രിക്ക് ഐഎസ്ഐക്കാരെയാണ്കിട്ടിയത്. നവാസ് ഷെരീഫിന്‍റെ വീട്ടിലെ കല്ല്യാണത്തിന് പ്രധാനമന്ത്രിയാണ് പോയത്. എന്നിട്ട് ഞങ്ങളെയാണോ പാകിസ്ഥാന്‍റെ പോസ്റ്റര്‍ ബോയ് എന്ന് പറയുന്നത്. പ്രധാനമന്ത്രിയാണ് ശരിക്കും പാകിസ്ഥാന്‍റെ പോസ്റ്റര്‍ ബോയ്. 

നവാസ് ഷെരീഫിനെ കെട്ടിപ്പിടിക്കുന്നു, നവാസ് ഷെരീഫിനെ ഫോണില്‍ വിളിക്കുന്നു, സത്യപ്രതിജ്ഞാ ചടങ്ങിന് വിളിച്ചു വരുത്തി നാടകം കളിക്കുന്നു. ഇതൊക്കെ ചെയ്തത് ഞങ്ങളല്ല. ഇവിടെ വിഷയം റഫാല്‍ ഇടപാടില്‍ നടന്ന അഴിമതിയാണ്. മൂവായിരം കോടിയുടെ കരാര്‍ അനില്‍ അംബാനിക്ക് നല്‍കാന്‍ മോദി കളിച്ചു എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ട കാര്യം.