Asianet News MalayalamAsianet News Malayalam

രാഹുലിന്‍റെ വയനാട് സന്ദര്‍ശന തിയതി മാറ്റി, വ്യാഴാഴ്ച എത്തും: രാത്രി യാത്രാനിരോധന സമരത്തിന് പിന്തുണ

കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നതാണ് ദേശീയ പാത 766 ലെ രാത്രിയാത്രാ നിരോധനമെന്ന് രാഹുല്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 

Rahul gandhi will reach Wayanad for supporting strike against ban on night traffic in Bandipur Tiger Reserve
Author
Wayanad, First Published Sep 30, 2019, 11:17 AM IST

വയനാട്: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയിൽ  വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപവാസ സമരത്തിന് വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പിന്തുണ.  ഒക്ടോബര്‍ മൂന്നിന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. നാളെ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തിയതി മാറ്റുകയായിരുന്നു.

വയനാട്ടിൽ നിന്നുള്ള യുഡിഎഫ് സംഘം ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തീരുമാനം കെ സി വേണുഗോപാൽ, എം കെ രാഘവൻ എംപി, ഐ സി ബാലകൃഷ്ണൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം നാളെ രാവിലെ 7.30 ന് രാഹുല്‍ ഗന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.

ദേശീയപാതാ 766ൽ നിലവിൽ ഏർപ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ വയനാട്ടില്‍ പ്രതിഷേധം ആരംഭിച്ചത്. അഞ്ച് യുവനേതാക്കളാണ് ഉപവാസം ആരംഭിച്ചത്. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നതാണ് ദേശീയ പാത 766 ലെ രാത്രിയാത്രാ നിരോധനമെന്ന് രാഹുല്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 

ദേശീയ പാതയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേ നിരോധനം പകലും കൂടി നീട്ടാമോയെന്ന്  വനം പരിസ്ഥിതി മന്ത്രാലയത്തോട്  സുപ്രീംകോടതി ആരാഞ്ഞിരുന്നു. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു. റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. 

ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി 2010 ലാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്തഭീഷണിയുയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോതി ഉത്തരവ് പുറപ്പെടുവിച്ചത്. മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍കമ്മിറ്റി എന്നിവരായിരുന്നു സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്.  

. Read Also:ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം പകലും നീളും; പ്രതിഷേധവുമായി യുവജന സംഘടനകള്‍...

 

Follow Us:
Download App:
  • android
  • ios