യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസുകളുടെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. ശാസ്ത്രീയ പരിശോധനാഫലങ്ങൾ വൈകുന്നതും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമാണ് നടപടികൾ വൈകാൻ കാരണം. മൂന്ന് കേസുകളിൽ ഒന്നിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചത്.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ് അന്വേഷണങ്ങൾ എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് ബലാത്സംഗ കേസുകളിൽ ഒന്നിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചത്. ഈ സർക്കാരിന്റെ കാലത്താണ് കുറ്റപത്രം സമർപ്പിച്ചത്.
തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലെ കേസിൽ കുറ്റപത്രം അന്തിമഘട്ടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. വിരലടയാളം, ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിക്കാൻ വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിന് കാരണമായി അന്വേഷണ സംഘത്തിന്റെ വിശദീകരിക്കുന്നത്. പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ഇതുവരെ ഒരു പുരോഗതിയുമില്ലാതെ നിൽക്കുകയാണ്. ഈ കേസിൽ പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിവരം.
അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ ചുമതലപ്പെടുത്തിയ എസ്.ഐ.ടി ഉദ്യോഗസ്ഥരിൽ പലരെയും വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതും കേസിന്റെ തുടർനടപടികളെ സാരമായി ബാധിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ മാറ്റവും ശാസ്ത്രീയ തെളിവുകൾ ലഭിക്കാനുള്ള വൈകലും കേസ് നടപടികൾ അനന്തമായി നീളാൻ കാരണമാകുന്നു എന്ന വിമർശനം ശക്തമാണ്.


