ചോദ്യങ്ങളുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു. ഗർഭഛിദ്രം നടത്താൻ രാഹുൽ നിർബന്ധിച്ചുവെന്നും സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നും യുവതി മൊഴി നൽകി.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ചോദ്യങ്ങളുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല എന്നാണ് ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷൻ സ്ഥാനാര്‍ത്ഥി ചോദിക്കുന്നത്. ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻ‌കൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ശബരിമല സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍,രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതാണെന്നുമാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നലെ പ്രതികരിച്ചത്. രാഹുലിനെ രാജിവയ്പ്പിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. പരാതി കൊടുക്കാൻ മടിച്ച പലരുടെയും കഥ ആഭ്യന്തര വകുപ്പിനറിയാം. ആ പെൺകുട്ടികളുടെ മൊഴി എടുക്കണം. രാഹുലിനെതിരെ പല പരാതികളും വി ഡി സതീശന്‍റെ മുന്നിൽ എത്തിയിട്ടുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഒരു നിമിഷം പോലും നിയമസഭ സാമാജികനായി തുടരാൻ രാഹുലിന് അർഹതയില്ല. മുഖ്യമന്ത്രി അടിയന്തരമായി നിയമനടപടിയെടുക്കണം. കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയോ എന്നല്ല വിഷയമെന്നും രാഹുൽ രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരാളെ വെച്ചിട്ടാണോ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്? അന്തസുണ്ടെങ്കിൽ നേത്യത്വം രാജിവെപ്പിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

നിർണായക മൊഴി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചതെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തി ഗുളിക കഴിപ്പിച്ചെന്നും ഗുളിക കഴിച്ച ശേഷം തനിക്ക് ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയെയും ഡോക്റെയും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. രാഹുലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുലിന്‍റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്കാണ് മേൽനോട്ട ചുമതല.