കണ്ണൂർ ഇരിട്ടി-വീരാജ് പേട്ട റൂട്ടിൽ റീൽസ് ചിത്രീകരണത്തിനിടെ യുവാക്കൾക്ക് മുന്നിൽ പുലി പ്രത്യക്ഷപ്പെട്ടു. മാക്കൂട്ടത്തിന് സമീപം കാറിന് കുറുകെ ചാടുന്ന പുലിയുടെ ദൃശ്യം ഇവരുടെ മൊബൈൽ ക്യാമറയിൽ പതിഞ്ഞു. ഈ മേഖലയിൽ പുലിയെ കാണുന്നത് അപൂർവമായ സംഭവമാണ്.

കണ്ണൂർ: റീൽസ് ചിത്രീകരണത്തിന് ഇടയിൽ യുവാക്കളുടെ ക്യാമറയിൽ പതിഞ്ഞത് പുലി. ഇരിട്ടി - വീരാജ് പേട്ട റൂട്ടിൽ മാക്കൂട്ടത്ത് വച്ചാണ് ഇരിട്ടി ചാക്കാട് സ്വദേശികൾ സഞ്ചരിച്ച കാറിന് കുറുകെ പുലി ചാടിയത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് ചാക്കാട് സ്വദേശികളായ കെഎസ്ഇബി ജീവനക്കാരൻ അനീഷും സുഹൃത്ത് ജ്യോതിഷും സംഘവും കാറിൽ ഇരിട്ടിയിൽ നിന്ന് വീരാജ് പേട്ടയിലേക്ക് പോയത്. ഇതിനിടയിലാണ് കൂട്ടുപുഴ കഴിഞ്ഞ് മാക്കൂട്ടത്തിന് സമീപത്തായി പുഴയുടെ ഭാഗത്തുനിന്നും വനത്തിനുള്ളിലേക്ക് പുലി കടന്നു പോകുന്നത് മൊബൈൽ ക്യാമറയിൽ പതിഞ്ഞത്. റീൽസ് ചിത്രീകരണത്തിനായി വാഹനത്തിൽ പോകുന്ന ദൃശ്യം പകർത്തുന്നതിനിടയിലാണ് പുലി റോഡ് മുറിച്ചു കിടക്കുന്നത് പതിഞ്ഞത്. മാക്കൂട്ടം മേഖലയിൽ കാട്ടാനകളെ ഉൾപ്പെടെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും പുലിയെ കാണുന്നത് അപൂർവ്വമാണ്.

View post on Instagram

ചെമ്പന്‍കൊല്ലിയില്‍ വനാതിര്‍ത്തിയില്‍ അജ്ഞാത ജീവി

അതേസമയം, ഉപ്പട ചെമ്പന്‍കൊല്ലിയില്‍ വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട പശുക്കള്‍ക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായി. പശുക്കിടാവുകൾ ഉള്‍പ്പെടെയുള്ള ആറ് പശുക്കളെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. ഒന്നിനെ കാണാതായി. ഒരെണ്ണത്തിന് സാരമായ പരിക്കേറ്റു. പ്രദേശത്തെ ക്ഷീരകര്‍ഷകന്‍റെ രണ്ട് വയസ് പ്രായമായ പശുവിനെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പശുക്കള്‍ക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായത്.

ജീവിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട പശുവിന്‍റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് പാലേമാട് വെറ്ററിനറി സര്‍ജന്‍ സ്ഥലത്തെത്തി പരിക്കേറ്റ പശുവിന് ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം പള്ളിപ്പടി അറന്നാടംപാടം ഭാഗത്ത് പുലിയെ കണ്ടതായി പറഞ്ഞ് ജലീല്‍ എന്ന ഓട്ടോ ഡ്രൈവര്‍ സാമുഹിക മാധ്യമങ്ങളില്‍ വിഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെമ്പന്‍കൊല്ലിയില്‍ പശുക്കള്‍ക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായത്. പുലി തന്നെയാണെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്.