രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിർബന്ധിത ഭ്രൂണഹത്യ, ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത് നിർബന്ധിത ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ വകുപ്പുകൾ
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023
64(2)(എഫ്)- അധികാര സ്ഥാനം ഉപയോഗിച്ച് ബലാത്സംഗം ചെയ്യുക
64(2)(എച്ച്)- ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്യുക
64(2)(എം)- തുടര്‍ച്ചയായ ബലാത്സംഗം
89- നിര്‍ബന്ധിത ഭ്രൂണഹത്യ
115(2)- കഠിനമായ ദേഹോപദ്രവം
351(3)- അതിക്രമം
ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000
66(ഇ)- അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങളോ ഫോട്ടോയോ ചിത്രീകരിക്കുക / പ്രസിദ്ധീകരിക്കുക
യുവതിയുടെ മൊഴി രേഖപ്പെടുത്തി
ഇന്നലെ വൈകിട്ടാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്. വാട്സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി കൈമാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയോടെയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയെന്നും പരാതിക്കാരി മൊഴി നൽകി. യുവതിയുടെ രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്താനും പൊലീസ് അപേക്ഷ നൽകും. താൻ നേരിട്ട് ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
മരുന്ന് എത്തിച്ച രാഹുലിന്‍റെ സുഹൃത്തിനെതിരെയും കേസ്
ഗർഭച്ഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചതെന്ന് യുവതി നൽകിയ മൊഴിയിൽ പറയുന്നു. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിച്ചത്. ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നും യുവതിയുടെ മൊഴിയിലുണ്ട്. രാഹുലിനെ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. രാഹുലിന്‍റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.


