പാലക്കാട്ടെ രാഹുൽ മാങ്കുട്ടത്തലിന്‍റെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ അതിജീവിത ഫ്ലാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചില്ല

പാലക്കാട്: പാലക്കാട്ടെ രാഹുൽ മാങ്കുട്ടത്തലിന്‍റെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ അതിജീവിത ഫ്ലാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. സിസിടിവി ഡിവിആറിന് ബാക്ക്അപ്പ് കുറവാണെന്നാണ് വിവരം. സമീപത്തെ കൂടുതൽ സിസിടിവികൾ പരിശോധിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. മെയ് അവസാന ആഴ്ചയിലെ രണ്ടു ദിവസമാണ് യുവതി പാലക്കാട്ടെ ഫ്ലാറ്റിൽ എത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഫ്ളാറ്റിൽ എത്തി പരിശോധന നടത്തി. പാലക്കാട് എസ്പി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രാഹുലിന്‍റെ ഫ്ലാറ്റിലെത്തി. നേരത്തെ ഫ്ലാറ്റിലെത്തിയ സംഘം ആദ്യം ഒരു പ്രാധമിക പരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്ന് വീണ്ടും വിശദമായ പരിശോധന നടത്തി. രാവിലെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ എല്ലാവരും ഫ്ലാറ്റിലുള്ളിൽ കയറി. മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്.

രാഹുലിന്‍റെ പേഴ്സണൽ അസിസ്റ്റൻറുമാരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്ഐടി സംഘം പാലക്കാട് എത്തിയത്. മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്‍റെ അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പരാതിക്കാരിയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ സൈബര്‍ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ പരാതിയിലാണ് പൊലീസ് കേസ്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയിൽ ഒരോ ജില്ലകളിലും കേസെടുക്കാനാണ് എഡിജിപി വെങ്കിടേഷിന്‍റെ നിര്‍ദേശം. സൈബര്‍ ആക്രമണത്തിൽ അറസ്റ്റുണ്ടാകുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും എഡിജിപി അറിയിച്ചു.

YouTube video player