വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് റിപ്പോർട്ടിൽ പറയുന്നു.

കോഴിക്കോട്: മറ്റൊരു കേസിൽ പിടിക്കപ്പെട്ട യുവതിയെ കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന വടകര ഡിവൈഎസ്‍പി എ ഉമേഷിന് ഒടുവില്‍ സസ്പെന്‍ഷന്‍. പാലക്കാട് എസ്‍പി അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ ശുപാര്‍ശയിന്മേലാണ് ആഭ്യന്തര വകുപ്പ് ഉമേഷിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ഉമേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസ് എടുക്കാനും നീക്കമുണ്ട്.

കേരള പൊലിസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാനക്കേടുണ്ടാക്കിയ ആരോപണങ്ങളിലൊന്നിന്‍റെ കേന്ദ്ര സ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന വടകര ഡിവൈഎസ്പിയും കേരള സീനിയര്‍ പൊലീസ് ഓഫീസ് അസോസിയേഷന്‍ സംസ്ഥാന നേതാവുമായ എ ഉമേഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ ഒടുവില്‍ ആഭ്യന്തര വകുപ്പിന്‍റെ തീരുമാനം. ഇക്കഴിഞ്ഞ 15ന് ഔദ്യോഗിക ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ ചെര്‍പ്പുളശേരി എസ്എച്ച്ഒ ബിനു തോമസിന്‍റെ ആത്മഹത്യ കുറിപ്പില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യാ വസ്തുതാപരമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

2014ല്‍ ഉമേഷ് വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കേ കീഴുദ്യോഗസ്ഥനായിരുന്നു ബിനു തോമസ്. അനാശാസ്യത്തിന് റെയ്ഡ് ചെയ്ത് പിടികൂടിയ യുവതിയെ കേസില്‍ നിന്നും ഒഴിവാക്കാമെന്ന് പറഞ്ഞ് ഉമേഷ് പീഡിപ്പിച്ചെന്നും നാലു യുവാക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ആരോപണം. ആത്മഹത്യക്കുറിപ്പ് പുറത്തു വന്നതിന് പിന്നാലെ ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവെച്ച് ഉമേഷിനെതിരെ യുവതി പാലക്കാട് പൊലീസിന് മൊഴിയും നല്‍കിയിരുന്നു.

പിന്നാലെ പാലക്കാട് ജില്ലാ പൊലീസ് മേധാവി ‍ഡിജിപിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ ഡിജിപി വകുപ്പ് തല നടപടിക്ക് ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. യുവതിയുമായി ബന്ധം സ്ഥാപിക്കാന്‍ ഉമേഷ് തന്നെയും നിര്‍ബന്ധിച്ചിരുന്നതായും പെണ്‍വാണിഭക്കേസ് എടുക്കാതിരിക്കാന്‍ പൊലീസ് കസ്റ്റഡിയിലായ സംഘത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും ബിനു തോമസിന്‍റെ ആത്മഹത്യ കുറിപ്പിലുണ്ട്. ഈ സ്ത്രീയുടെ പേര് പറ‍ഞ്ഞ് തന്നെ നിരന്തരം മാനസികമായി ഉമേഷ് പീഡിപ്പിച്ചിരുന്നു എന്നും കുറിപ്പിലുണ്ട്.

ബിനു തോമസ് ജീവെനാടുക്കിയ ദിവസം തന്നെ 32 പേജുളള കുറിപ്പ് പുറത്ത് വന്നിരുന്നങ്കിലും മൂന്ന് ദിവസങ്ങള്‍ക്ക് മുൻപ് മാത്രമായിരുന്നു ഇതിലെ ഉമേഷിനെതിരെ പരാമര്‍ശമുളള മൂന്ന് പേജുകള്‍ പുറത്തുവന്നത്. ഇത് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുളള മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ വന്നതോടെയായിരുന്നു ഉമേഷിനെതിരെ പാലക്കാട് എസ് പി റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡിജിപിക്ക് സമര്‍പ്പിച്ചത്. ബലാത്സംഗ വിവരം ശരിവെച്ച് യുവതി മൊഴി നല്‍കിയിട്ടും കേസ് എടുത്തതുമില്ല. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപനാണ് കേസിന്‍റെ അന്വേഷണ ചുമതല. അതിനിടെ, ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഉമേഷ് രണ്ട് ദിവസമായി അവധിയിലാണ്.

YouTube video player