വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ റിമാൻഡ് റിപ്പോർട്ട് പുറത്തുവരികയും ചെയ്തു.
പത്തനംതിട്ട: 'സാറേ ഇവന് ജയിലിൽ കഴിക്കാൻ ഈ പൊതിച്ചോറ് കൂടി ഒന്ന് നൽകണേ..' ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിനിടെ പൊതിച്ചോറ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊതിച്ചോറ് കൊടുക്കാൻ പൊലീസിനോട് അപേക്ഷിച്ചത്. അതേസമയം, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉച്ചയോടെ ആയിരുന്നു വൈദ്യ പരിശോധനയ്ക്കായി രാഹുൽ മാങ്കൂട്ടത്തിലിനെ എത്തിച്ചത്. ആശുപത്രിക്ക് അകത്തേക്ക് രാഹുൽ മാങ്കൂട്ടത്തിലിനെ കയറ്റിയ ശേഷം പുറത്ത് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം നടക്കുകയായിരുന്നു. ഇന്നത്തെ പൊതിച്ചോറ് വിതരണം ഞങ്ങളുടെ മധുര പ്രതികാരമാണെന്നായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പത്തനംതിട്ടയിൽ പറഞ്ഞത്.
ഡിവൈഎഫ്ഐ എന്ന യുവജന സംഘടന കഴിഞ്ഞ ഏഴ് വര്‍ഷമായി ആകെ നടത്തുന്നത് പൊതിച്ചോറ് വിതരണമാണെന്നും, ആ വിതരണരണത്തിന് പിന്നിൽ നടക്കുന്ന അനാശാസ്യ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഞാൻ ഈ വേദിയിൽ പറയുന്നില്ല, എന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. പൊതിച്ചോറിനു പിന്നിൽ അനാശാസ്യം ആണെന്ന് പറഞ്ഞ് പൊതിച്ചോർ പൊതിയുന്ന അമ്മന്മാരെ അധിക്ഷേപിച്ചവർക്ക് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ വാർത്ത അച്ചടിച്ചു വന്ന പത്രത്തിൽ അമ്മന്മാർ നാളെ പൊതിച്ചോർ പൊതിഞ്ഞു നൽകുമെന്നും ഇന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. കാലത്തിന്റെ കാവ്യനീതിയാണ് ഇതെന്നും പൊതിച്ചോറ് കൈയിൽ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞു. കാലം കണക്കു ചോദിക്കുകയാണെന്നതടക്കമുള്ള കുറിപ്പുകളുമായി സൈബറിടങ്ങളിൽ ഇടത് അനുകൂലികൾ വ്യാപകമായി പൊതിച്ചോറ് വിതരണത്തിന്റെ വീഡിയോകളും പ്രചരിപ്പിക്കുകയാണ്.
റിമാൻഡ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
റിമാൻഡ്: പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റ് രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇയാളെ മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റി.
പരാതി: വിദേശത്ത് താമസിക്കുന്ന 31 വയസ്സുകാരിയായ മലയാളി യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി തിരുവല്ലയിലെ ആഡംബര ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നും തുടർന്ന് ക്രൂരമായി മർദ്ദിച്ചുവെന്നുമാണ് റിപ്പോർട്ടിലുള്ളത്.
ഗുരുതര ആരോപണങ്ങൾ: രാഹുൽ ഒരു 'സ്ഥിരം കുറ്റവാളി'യാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇത് ഇയാൾക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗക്കേസാണ്. ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇയാൾക്കെതിരെയുണ്ട്.
അന്വേഷണത്തോട് നിസ്സഹകരണം: പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഫോൺ അൺലോക്ക് ചെയ്യാൻ പോലും തയ്യാറാകുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. എം.എൽ.എ ആയതിനാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അയോഗ്യതാ നടപടി: എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനെക്കുറിച്ച് നിയമസഭ ആലോചിക്കുന്നു. വിഷയം എത്തിക്സ് കമ്മിറ്റി പരിശോധിക്കുമെന്നും നിയമോപദേശം തേടുമെന്നും സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു.


