വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതിന് തെളിവുണ്ടോ, സുരേന്ദ്രന്‍റെ പക്കൽ 'കൈരേഖ' മാത്രം; രാഹുല്‍ മാങ്കൂട്ടത്തിൽ
വോട്ടുകൾ കൂടുതലും തള്ളിപ്പോയത് സാങ്കേതിക പിഴവ് കൊണ്ട്.തനിക്ക് ജയിക്കാൻ വ്യാജ വോട്ട് വേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

എറണാകുളം: വ്യാജ തിരിച്ചറിയിൽ കാർഡ് വിവാദത്തില്‍ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. വോട്ടുകൾ കൂടുതലും തള്ളിപ്പോയത് സാങ്കേതിക പിഴവ് കൊണ്ടാണ്. വാർത്ത ഉണ്ടാക്കാൻ ചിലർ വ്യാജ തിരിച്ചറിയിൽ കാർഡ് ഉണ്ടാക്കി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഡിവൈഎഫ്ഐക്കാരും വ്യാജ കാർഡ് ഉണ്ടാക്കിയെന്ന് രാഹുൽ ആരോപിച്ചു. അത്തരം വോട്ടുകളെല്ലാം തള്ളിപ്പോയിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നത് രാജ്യദ്രോഹ കുറ്റം തന്നെയാണ്. അത് തെരെഞ്ഞെടുപ്പിന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഗുരുതര കുറ്റമാണ്. അക്കാര്യം കണ്ടത്തേണ്ടത് താനല്ല, തെരഞ്ഞെടുപ്പ് നടത്തിയവരാണെന്നും രാഹുൽ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.
തനിക്ക് ജയിക്കാൻ വ്യാജ വോട്ട് വേണ്ട. കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തർ ക്യു നിന്ന് വോട്ട് ചെയ്യും. വ്യാജ തെരഞെടുപ്പ് കാര്‍ഡ് വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും രാഹുൽ വെല്ലുവിളിച്ചു. തെളിവുണ്ടെങ്കിൽ സുരേന്ദ്രൻ പുറത്ത് വിടട്ടെ. സുരേന്ദ്രന്‍റെ കൈയ്യിലുള്ളത് കൈരേഖ മാത്രമാണ്. ആരോപണം തമാശയായി മാത്രമാണ് കാണുന്നതെന്ന് രാഹുൽ പറഞ്ഞു.
കെ സുരേന്ദ്രന്‍റെ കൈവശം തെളിവുണ്ടെങ്കിൽ കേന്ദ്ര ഏജൻസിയോട് അന്വേഷണം ആവശ്യപ്പെടട്ടെ. സർക്കാറിനെതിരെ ശക്തമായ സമരം തുടങ്ങും. സർക്കാർ സൂപ്പർ കൊള്ളനടത്തുമ്പോള്‍ പ്രതിപക്ഷം ഇങ്ങനെ പോര.സമരത്തിന് തുടർച്ചയുണ്ടാക്കാൻ കഴിയാത്തത് ഓരോ ദിവസവും അഴിമതി നടക്കുന്നതിനാലാണ്. മറിയക്കുട്ടിയെപോലുള്ളവർ മാതൃകയാണെന്നും രാഹുല്‍ പറഞ്ഞു.