Asianet News MalayalamAsianet News Malayalam

യൂണിവേഴ്‍സിറ്റി ഹോസ്റ്റലിൽ പൊലീസ് റെയ്‍ഡ്: അഞ്ച് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

വെള്ളിയാഴ്ച നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഹോസ്റ്റലിൽ പരിശോധന നടന്നത്. കസ്റ്റഡിയിലായ അഞ്ച് പേരും ഈ അക്രമത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് പൊലീസ്. 

raids in trivandrum university college hostel five students taken to custody
Author
Thiruvananthapuram, First Published Nov 30, 2019, 4:11 PM IST

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി ഹോസ്റ്റലിൽ പൊലീസിന്‍റെ മിന്നൽ റെയ്‍ഡ്. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് വൻ പൊലീസ് സംഘം യൂണിവേഴ്‍സിറ്റി ഹോസ്റ്റലിലേക്ക് ഉച്ചയോടെ ഇരച്ചെത്തിയത്. ഹോസ്റ്റലിൽ നിന്ന് അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേരും എസ്എഫ്ഐ പ്രവർത്തകരാണ്. അമൽ മുഹമ്മദ്, വിഘ്നേഷ്, അജ്മൽ, സുനിൽ, ശംഭു ടി എന്നീ അഞ്ച് പേരുടെയും അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.

മുന്നിലെ ഗേറ്റിലൂടെ വലിയൊരു സംഘം പൊലീസെത്തിയതിനൊപ്പം തന്നെ, പിന്നിലെ ഗേറ്റിലൂടെയും രഹസ്യമായി മറ്റൊരു സംഘം പൊലീസുകാർ അകത്ത് കയറി. ഹോസ്റ്റലിന് പുറത്ത് മാത്രമാണ് പരിശോധനയെന്ന പ്രതീതി വരുത്തിത്തീർക്കുകയായിരുന്നു പൊലീസ്. അതേസമയം തന്നെ, പിന്നിലെ ഗേറ്റിലൂടെ കന്‍റോൺമെന്‍റ് സിഐയുടെ നേതൃത്വത്തിൽ മറ്റൊരു സംഘം ഹോസ്റ്റലിനകത്ത് കയറി. വെള്ളിയാഴ്ച വൈകിട്ട് നടന്ന അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്ത വിദ്യാർത്ഥികളെ കണ്ടെത്തി പിടികൂടി. ഇവരെ ഓരോരോ ഗേറ്റിലൂടെ രഹസ്യമായിത്തന്നെയാണ് പൊലീസ് പുറത്തുകൊണ്ടുപോയതും. മുൻവശത്തെ ഗേറ്റിലൂടെ ഇവരെ പുറത്തിറക്കാതിരുന്നതിനാൽ ആരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പുറത്തുള്ളവർക്ക് മനസ്സിലായതുമില്ല. 

വെള്ളിയാഴ്ച യൂണിവേഴ്‍സിറ്റി കോളേജിന് മുന്നിൽ അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഇതേ ഹോസ്റ്റലിൽ വച്ച് കെഎസ്‍യു പ്രവർത്തകർക്ക് നേരെ കൊലവിളി മുഴക്കിയ എസ്എഫ്ഐ നേതാവായിരുന്ന 'ഏട്ടപ്പൻ' എന്ന് വിളിക്കപ്പെടുന്ന മഹേഷിനെ ഇത് വരെ പിടികൂടാൻ പൊലീസിനായിട്ടില്ല. 

ആദ്യം ഹോസ്റ്റലിനകത്ത് പൊലീസ് കയറിയില്ലെന്ന സൂചനയാണ് വന്നതെങ്കിലും പിന്നീട് ഹോസ്റ്റലിൽ കയറിത്തന്നെയാണ് പരിശോധന നടത്തിയതെന്ന് വ്യക്തമായി. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കൂ എന്നും ഡിസിപി ആദിത്യ വ്യക്തമാക്കി.

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ബുധനാഴ്ച രാത്രി എസ്എഫ്ഐ പ്രവർത്തകനായിരുന്ന 'ഏട്ടപ്പൻ' മഹേഷ് കെഎസ്‍യു പ്രവർത്തകനായ നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ മഹേഷ് നിതിൻ രാജിന്‍റെയും സുദേവ് എന്ന വിദ്യാർത്ഥിയുടെയും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും കത്തിച്ചെന്നും ആരോപണമുയർന്നു. ഇതേത്തുടർന്ന് പിറ്റേന്ന് പ്രിൻസിപ്പാളിനെ കാണാനായി കെഎസ്‍യു സംസ്ഥാനപ്രസിഡന്‍റ് കെ എം അഭിജിത്ത് എത്തിയതിനെത്തുടർന്ന് യൂണിവേഴ്‍സിറ്റി കോളേജിന് മുന്നിൽ വൻ അക്രമമാണ് അരങ്ങേറിയത്.

Read more at: കൊലവിളി നടത്തിയ 'ഏട്ടപ്പനെ' പിടിക്കാതെ പൊലീസ്, മഹേഷ് പഠനം തീർന്നിട്ടും താമസിച്ചത് യൂണി. ഹോസ്റ്റലിൽ

എസ്എഫ്ഐയും കെഎസ്‍യുവും പരസ്പരം നേർക്കുനേർ ഏറ്റുമുട്ടി. യൂണിവേഴ്‍സിറ്റി കോളേജും മുന്നിലെ എം ജി റോഡും കലാപഭൂമിയായി. കല്ലേറും തമ്മിൽത്തല്ലുമായി. കെ എം അഭിജിത്തിനടക്കം നിരവധി കെഎസ്‍യു പ്രവർത്തകർക്കും, എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല റോഡിൽ കുത്തിയിരുന്നു. പൊലീസ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സമരം നിർത്തിയില്ല. പിന്നീട് റോഡിന് മുന്നിൽ കുത്തിയിരുന്ന എസ്എഫ്ഐക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തപ്പോഴാണ് കെഎസ്‍യുക്കാർ സമരം അവസാനിപ്പിച്ചത്.

Read more at: യൂണി. കോളേജിൽ വീണ്ടും എസ്എഫ്ഐ കെഎസ്‍യു സംഘർഷം: കല്ലേറ്, തെരുവ് യുദ്ധം - വീഡിയോ

'ഏട്ടപ്പൻ' എന്ന് വിളിക്കുന്ന മഹേഷ് ഇപ്പോൾ ഒളിവിലാണ്. അക്രമം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും മഹേഷിനെ പൊലീസ് പിടികൂടാത്തതാണെന്ന ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പൊലീസിന്‍റെ ഹോസ്റ്റലിലെ മിന്നൽ റെയ്‍ഡ്. 

Follow Us:
Download App:
  • android
  • ios