തിരുവനന്തരപുരത്ത് റെയിൽവേയുടെ സിഗ്നൽ കേബിൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബാലരാമപുരം സ്വദേശി സിജു ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടന്ന മോഷണത്തെ തുടർന്ന് റെയിൽവേയുടെ സിഗ്നൽ സംവിധാനം തകരാറിലായിരുന്നു.
തിരുവനന്തപുരം: റെയിൽവെ സിഗ്നൽ സംവിധാനത്തിന്‍റെ കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബാലരാമപുരം സ്വദേശി സിജു ആണ് അറസ്റ്റിലായത്. 125 മീറ്ററോളം ചെമ്പ് കേബിളാണ് മോഷണം പോയത്. ഇതേ തുടർന്ന് തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരയ്ക്കുമിടയിൽ സിഗ്നൽ തകരാറിലായിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി ആണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ആറ് മണിയോടെ തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരയ്ക്കുമിടയിൽ സിഗ്നൽ സംവിധാനം തകരാറിലാകുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട റെയിൽവേ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബാലരാമപുരത്തെ സിഗ്നൽ സംവിധാനത്തിൻ്റെ കേബിളുകൾ മോഷ്ടിച്ചതായി കണ്ടെത്തിയത്.
റെയിൽവേ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സിജു അറസ്റ്റിലായത്. ഇയാളാണ് കവർച്ച ചെയ്ത കേബിൾ വാങ്ങിയത്. കവർച്ചയിൽ അച്ചു എന്നയാളും ഉൾപ്പെട്ടിട്ടുണ്ട്. ഇരുവരും ചേർന്നാണ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ചു കേബിളുകൾ മുറിച്ചു മാറ്റിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
കേബിളുകൾ മോഷണം പോയതിനെ തുടർന്ന് സിഗ്നൽ തകരാറിലായതോടെ മാനുവൽ സംവിധാനത്തിലാണ് റെയിൽവേ തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരയ്ക്കുമിടയിൽ ട്രെയിനുകൾ ഓടിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ആണ് തകരാർ പരിഹരിക്കാനായത്.


