ശൈത്യകാലത്ത് കശ്മീരിലൂടെ ഒരു ട്രെയിൻ യാത്ര നടത്തിയാലോ? ബാരാമുള്ള മുതൽ ബനിഹാൽ വരെയുള്ള ഈ യാത്ര മഞ്ഞുമൂടിയ താഴ്‌വരകളുടെയും  പിർ പഞ്ചൽ പർവതനിരകളുടെയും മാന്ത്രിക കാഴ്ചകൾ നൽകുന്നു. വിസ്റ്റാഡോം കോച്ചുകളുള്ള  യാത്രയുടെ ടിക്കറ്റുകൾ IRCTC വഴി ബുക്ക് ചെയ്യാം.

ശൈത്യകാലത്ത് ആളുകൾ മലമുകളിലേക്ക് കയറുന്നു. കൂടുതൽ തണുപ്പിന് വേണ്ടി. മഞ്ഞുമൂടിയ കുന്നിൻ പ്രദേശങ്ങൾ കാഴ്ചക്കാരെ പ്രലോഭിപ്പിക്കും. നമ്മൾ ഇന്ത്യക്കാർക്ക് ഈ ശൈത്യകാലത്ത് കശ്മീരിനേക്കാൾ മികച്ചത് മറ്റെന്താണ്? പലപ്പോഴും ഇന്ത്യയുടെ "മിനി-സ്വിറ്റ്സർലൻഡ്" എന്ന് വിളിക്കപ്പെടുന്ന ഈ താഴ്‌വര, ശൈത്യകാലത്ത് ഒരു യക്ഷിക്കഥയിൽ നിന്ന് നേരിട്ട് ഇറങ്ങിവന്നതെന്ന് തോന്നിക്കുന്ന മഞ്ഞുമൂടിയ കൊടുമുടികളാൽ മാന്ത്രിക കാഴ്ചയായി മാറുന്നു. ഈ കാഴ്ചകൾ ആസ്വദിക്കാൻ ഏറ്റവും പറ്റിയത് ട്രെയിൻ യാത്ര തന്നെ. അതെ കശ്മീരിലൂടെ ഒരു ട്രെയിൻ യാത്ര.

ബാരാമുള്ള മുതൽ ബനിഹാൽ വരെ

ബാരാമുള്ള മുതൽ ബനിഹാൽ വരെയാണ് കശ്മീരിലൂടെയുള്ള ട്രെയിൻ യാത്ര. കശ്മീർ റെയിൽവേയിലെ ഈ പാത അതിമനോഹരമായ കാഴ്ചകൾക്ക് പേരുകേട്ടതാണ്, ശൈത്യകാലത്ത് ഇത് "പോളാർ എക്സ്പ്രസ്" പോലെ മാന്ത്രികമായി മാറുന്നു. ബാരാമുള്ളയിൽ നിന്ന് ബനിഹാലിലേക്കുള്ള ട്രെയിൻ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ് 11 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പിർ പഞ്ചൽ തുരങ്കമാണ്. യാത്രയ്ക്കിടെ പിർ പഞ്ചൽ പർവതനിരകളുടെ മനോഹരമായ കാഴ്ചകളും കാണാം.

സ്നോ സഫാരി

അടുത്തിടെ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിൽ കശ്മീരിലൂടെയുള്ള അതിമനോഹരമായ ട്രെയിൻ കാഴ്ചകൾ കാണാം. യാത്രയ്ക്കിടെ ചിത്രീകരിച്ച ഈ വീഡിയോയിൽ മഞ്ഞുമൂടിയ വയലുകളും, വെളുത്ത മലനിരകളും, തണുത്തുറഞ്ഞ ഭൂഭാഗങ്ങളും കാണാം. യാത്ര ഒരു സ്നോ സഫാരി പോലെ അനുഭവപ്പെടും. ബാരാമുള്ള-ബനിഹാൽ റൂട്ട് കാശ്മീർ താഴ്‌വരയുടെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്നു. വഴിയിൽ, യാത്രക്കാർക്ക് പിർ പഞ്ചൽ ശ്രേണിയുടെ അതിമനോഹര കാഴ്ച. പിർ പഞ്ചൽ തുരങ്കമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. കാശ്മീരി പുൽമേടുകളും വീടുകളും കാഴ്ചവിരുന്നൊരുക്കുന്ന ഖാസിഗുണ്ട്, അനന്ത്നാഗ്, ശ്രീനഗർ തുടങ്ങിയ സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്.

View post on Instagram

മഞ്ഞുകാലത്ത് ചിലപ്പോൾ അരമീറ്റർ ഉയരത്തിൽ മഞ്ഞ് വീണുകിടപ്പുണ്ടാകും റെയിൽവേ ട്രാക്കിലടക്കം. ട്രെയിൻ പതുക്കെ മുന്നോട്ട് എടുക്കുമ്പോൾ പൊടിമഞ്ഞ് വീഴുന്ന മനോഹര കാഴ്ചകാണാം. മഞ്ഞുവീഴ്ച കാരണം ശൈത്യകാലത്ത് ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള റോഡ് ഗതാഗതം പലപ്പോഴും തടസ്സപ്പെടുന്നു. അത്തരം സമയങ്ങളിൽ, ബാരാമുള്ള - ബനിഹാൽ ട്രെയിൻ വിശ്വസനീയമായ ഒരു യാത്രാ മാർഗമായി മാറുന്നു. ട്രെയിനുകളിൽ സ്നോ ക്ലിയറിംഗ് സംവിധാനങ്ങളും ചൂടാക്കാനുള്ള ഉപകരണങ്ങളുമുണ്ട്. വലിയ ജനാലകൾ കഴ്ചകളെ വിശാലമാക്കുന്നു. ഈ റൂട്ടിലെ തിരഞ്ഞെടുത്ത സർവീസുകളിൽ വിസ്റ്റാഡോം കോച്ചുകൾ ലഭ്യമാണ്. ഇവയിൽ ഗ്ലാസ് മേൽക്കൂരകളും താഴ്‌വരയുടെ 360 ഡിഗ്രി കാഴ്ചകൾ നൽകുന്ന വിശാലമായ ജനാലകളുമാണുള്ളത്. കറങ്ങുന്നതും ചാരിയിരിക്കുന്നതുമായ സീറ്റുകൾ, വൈ-ഫൈ, ഇൻഫോടെയ്ൻമെന്‍റ് സംവിധാനങ്ങൾ, നിരീക്ഷണ മേഖല എന്നിവയും കോച്ചുകളുടെ സവിശേഷതയാണ്.

ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബാരാമുള്ള-ബനിഹാൽ റൂട്ടിൽ പോവുകയാണെങ്കിൽ ഒരു വിസ്റ്റാഡോം കോച്ചിൽ യാത്ര ചെയ്യുന്നത് പരിഗണിക്കാം. ട്രെയിൻ നമ്പർ 04688 -ൽ ബുഡ്ഗാം (BDGM) മുതൽ ബനിഹാൽ (BAHL) വരെയുള്ള ഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്കുകൾ, വൺവേയിൽ എസി ചെയർ കാർ സീറ്റിംഗിന് 940 രൂപ. മടക്കയാത്രായ്ക്ക്: ശ്രീനഗർ, അവന്തിപോറ, അനന്ത്‌നാഗ്, ഖാസിഗുണ്ട് വഴി പ്രകൃതിരമണീയമായ 90 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 1,880 രൂപ. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്‍റെ (IRCTC) വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. പുറപ്പെടൽ സ്റ്റേഷനായി ബുഡ്ഗാം (BDGM) ഉം ലക്ഷ്യസ്ഥാനമായി ബനിഹാൽ (BAHL) ഉം തെരഞ്ഞെടുക്കാം. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവുമുള്ള ഈ സർവീസിൽ രാവിലെ പുറപ്പെടുന്ന ട്രെയിനുകളാണ് ഏറ്റവും കൂടുതൽ ആകർഷകം.