ഓഗസ്റ്റ് മാസത്തിൽ പത്തനംതിട്ട ജില്ലയിൽ ലഭിച്ചത് ആകെ ലഭിക്കേണ്ട മഴയുടെ ആറ് ശതമാനം മാത്രമാണ്. പാലക്കാട് ഏഴ് ശതമാനം മലപ്പുറം, തൃശൂർ എന്നിവിടങ്ങളിൽ 10 ശതമാനം എന്നിങ്ങനെയാണ് കണക്ക്. 

തിരുവനന്തപുരം: കടുത്ത ചൂടിൽ കേരളം വെന്തുരുകുമ്പോൾ ഓ​ഗസ്റ്റ് മാസത്തിൽ പെയ്ത മഴയുടെ കണക്കുകൾ ആശങ്കപ്പെടുത്തുന്നത്. ഓഗസ്റ്റ് മാസത്തിൽ പത്തനംതിട്ട ജില്ലയിൽ ലഭിച്ചത് ആകെ ലഭിക്കേണ്ട മഴയുടെ ആറ് ശതമാനം മാത്രമാണ്. പാലക്കാട് ഏഴ് ശതമാനം മലപ്പുറം, തൃശൂർ എന്നിവിടങ്ങളിൽ 10 ശതമാനം എന്നിങ്ങനെയാണ് കണക്ക്. 

ലഭിച്ച മഴയുടെ കണക്ക്

പത്തനംതിട്ട ആറ് ശതമാനം
പാലക്കാട്‌ ഏഴ് ശതമാനം
മലപ്പുറം 10 ശതമാനം
തൃശൂർ 10 ശതമാനം
കോട്ടയം 11 ശതമാനം
എറണാകുളം 11 ശതമാനം
തിരുവനന്തപുരം 11 ശതമാനം
കൊല്ലം 12 ശതമാനം
ഇടുക്കി 13 ശതമാനം
കോഴിക്കോട് 13 ശതമാനം
വയനാട് 14 ശതമാനം
കാസർകോട് 20 ശതമാനം
കണ്ണൂർ 24 ശതമാനം
ആലപ്പുഴ 32 ശതമാനം

അതേസമയം, ഇത്തവണ രാജ്യം കടന്ന് പോയത് 100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓ​ഗസ്റ്റ് മാസത്തിലൂടെയാണ്. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാ​ഗം അറിയിച്ചു. സാധാരണ ലഭിക്കുന്നതിനെനേക്കാൾ 30 മുതൽ 33 ശതമാനം കുറഞ്ഞ മഴയാണ് ഓ​ഗസ്റ്റിൽ രാജ്യത്താകമാനം ലഭിച്ചത്. എൽനിനോ പ്രതിഭാസമാണ് ഇത്രയും മഴക്കുറവിന് കാരണം.

സെപ്റ്റംബറിൽ ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ. സെപ്‌തംബർ മൂന്നാംവാരം വരെയാണ്‌ തെക്കുപടിഞ്ഞാറൻ മൺസൂൺ സമയം. സെപ്റ്റംബറിൽ പ്രതീക്ഷിത മഴ ലഭിച്ചാൽ തന്നെ നിലവിലെ കുറവ്‌ പരിഹരിക്കാൻ കഴിയില്ലെന്നാണ് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നത്. സെപ്റ്റംബറിൽ 94-96 ശതമാനം മഴയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ തലവൻ മൃത്യുഞ്‌ജയ്‌ മൊഹാപാത്ര അറിയിച്ചു. 2005 വർഷത്തിലാണ് സമീപകാലത്ത് ഇത്രയും കുറഞ്ഞ മഴ ലഭിച്ച ഓ​ഗസ്റ്റ് കടന്നുപോയത്. അന്ന് 25 ശതമാനമായിരുന്നു മഴക്കുറവ്. 1965ൽ 24.6, 1920ൽ 24.4, 2009ൽ 24.1, 1913ൽ 24 ശതമാനം എന്നിങ്ങനെയാണ്‌ ഇതിനു മുമ്പ് ഓ​ഗസ്റ്റിലുണ്ടായ മഴക്കുറവ്‌.

പ്രിയം റമ്മിനോട് തന്നെ, അതും ജവാനോട്! ഉത്രാട ദിനം ബെവ്കോ ഔട്ട്‍ലെറ്റിൽ എത്തിയത് 6 ലക്ഷം പേ‍ർ, ചില കണക്കുകൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം