കിഴക്കൻ വെള്ളത്തിൻ്റെ ശക്തമായ ഒഴുക്കിൽ ആണ് മട വീഴ്ച തുടരുന്നത്
ആലപ്പുഴ : കുട്ടനാട്ടിൽ (kuttanad)വീണ്ടും മടവീഴ്ച. ചമ്പക്കുളത്താണ് രണ്ട് പാടങ്ങളിലായി ഇന്ന് മട വീണത്. ഇതോടെ രണ്ട് ദിവസങ്ങളിലായി കുട്ടനാട്ടിൽ നാല് പാടശേഖരങ്ങളിലാണ് മടവീഴ്ച ഉണ്ടായത്.
ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് ആദ്യം മടവീണത്. മൂലമ്പള്ളിക്കാട് - കരികാച്ചാട് പാടശേഖരത്തും മട വീണു.
ചക്കങ്കരി അറുനൂറ് പാടത്തുണ്ടായ മട വീഴ്ചയിൽ പാടത്തിന്റെ പുറം ബണ്ടിൽ താമസിക്കുന്ന മുപ്പത്തഞ്ചിൽ ചിറ ജയന്റെ വീട് തകർന്നു.
കഴിഞ്ഞ ദിവസം മടവീണ ചെമ്പടി- ചക്കങ്കരി പാടത്തിന്റെ സമീപത്തുള്ള പാടശേഖരമാണ് ഇത്.
ചമ്പക്കുളത്ത് മട വീണ മൂലമ്പള്ളിക്കാട് - കരികാച്ചാട് 160 ഏക്കർ കൃഷി നശിച്ചു. കിഴക്കൻ വെള്ളത്തിൻ്റെ ശക്തമായ ഒഴുക്കിൽ ആണ് മട വീഴ്ച തുടരുന്നത്.
മഴക്കെടുതിയിൽ(rain havoc) ആലപ്പുഴയിൽ ഭാഗികമായി നശിച്ച വീടുകള്‍ 30 ആയി. രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.44 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതുവരെ തുറന്നു. 516കുടുംബങ്ങള്‍ ആണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. ആകെ 1771 പേര്‍ ക്യാമ്പുകളിൽ ഉണ്ട്.
കോട്ടയം ജില്ലയിലും മഴക്കെടുതി തുടരുകയാണ്. മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 60 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 756 കുടുംബങ്ങളിലെ 2095 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചങ്ങനാശേരി താലൂക്ക് - 7, കോട്ടയം - 33, മീനച്ചിൽ - 9, കാഞ്ഞിരപ്പള്ളി - 3, വൈക്കം- 8 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 892 പുരുഷന്മാരും 862 സ്ത്രീകളും 341 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 1019 പേരെയും ചങ്ങനാശേരിയിൽ 365 പേരെയും മീനച്ചിലിൽ 238 പേരെയും കാഞ്ഞിരപ്പള്ളിയിൽ 191 പേരെയും വൈക്കത്ത് 282 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
മഴ ജാഗ്രത:8ജില്ലകളിൽ യെല്ലോ അലർട്ട്,ഇടുക്കി ഡാം തുറക്കും,ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിൽ മഴ തുടരും.എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. തീവ്ര മഴമുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം.അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. വയനാട് ബാണാസുര സാഗർ ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് തുറന്നേക്കാനും സാധ്യത ഉണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുന്നത് ചെറുതോണി ടൗണിൽ ആണ്. അവിടെ നിന്ന് തടിയമ്പാട്, കരിമ്പൻ പ്രദേശങ്ങളിലേക്ക്. അടുത്തത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിൽ.ഇവിടെവച്ച് പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരും ഈ വെളളം നേരെ പാംബ്ല അക്കെട്ടിലേക്ക്.അവിടെ നിന്ന് ലോവർ പെരിയാർ വഴി,നേര്യമംഗലത്തേക്ക് വെള്ളമെത്തും.അടുത്തത് ഭൂതത്താൻകെട്ട് അണക്കെട്ട്.ഇവിടെവച്ച്, ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും.ഒന്നിച്ചൊഴുകി, കാലടി വഴി ആലുവ പ്രദേശങ്ങളിലേക്ക് വെള്ളമെത്തും. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരും
ബാണാസുര സാഗർ ഡാം: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് 12 മണിക്ക് ശേഷം ഡാം തുറക്കാൻ സാധ്യത
ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അര മീറ്റർ കൂടി ഉയർന്നാൽ ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 774 മീറ്ററിൽ എത്തും. ഈ സാഹചര്യത്തിൽ ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12 മണിക്കു ശേഷം ഷട്ടറുകൾ തുറന്ന് അധികജലം കാരമാൻ തോടിലേക്ക് ഒഴുക്കി വിടാൻ സാധ്യതയുണ്ട്. സെകന്റിൽ 8.5 ക്യുബിക് മീറ്റർ പ്രകാരം 35 ക്യൂബിക് മീറ്റർ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരും. പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
