സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള ബില്ലിനെതിരെ വനിത സംഘടനകളിൽ നിന്നു തന്നെ എതിർപ്പ് ഉയരുകയാണ്. പങ്കാളിയെ സ്വയം തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ കൂടുതൽ ഹനിക്കുന്നതാണ് നീക്കം.

ദില്ലി: രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽ നിന്നും 21 ആക്കി ഉയർത്താനുള്ള (Women Marriage Age 21) കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ എതിർപ്പുയർത്തി രാഷ്ട്രീയ പാർട്ടികൾ. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ ശക്തമായി എതിർക്കുമെന്ന് സിപിഎമ്മും (CPM) മുസ്ലിം ലീഗും (Muslim League) വ്യക്തമാക്കി. വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്നും പതിനെട്ടാം വയസിൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടിക്ക് അവളുടെ വിവാഹത്തിനും അവകാശമുണ്ടെന്നും അതിനെതിരാണ് പുതിയ നീക്കമെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ദുരൂഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും പ്രതികരിച്ചു. വിവാഹ പ്രായം 18 വയസ് ആയി തന്നെ നിലനിർത്തണമെന്നും പെൺകുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്തിന് ഇപ്പോൾ ആവശ്യമെന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. വിവാഹ പ്രായം 21 ആക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാവുന്ന തീരുമാനമാണ്. ബില്ലിനെ ശക്തമായി എതിർക്കും. ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് മഹിളാ സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും ആലോചിച്ച് വേണമായിരുന്നുവെന്ന് ഓർമ്മിപ്പിച്ച പികെ ശ്രീമതി, തീരുമാനത്തിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമുണ്ടെന്നും കുറ്റപ്പെടുത്തി.

സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള ബില്ലിനെതിരെ വനിത സംഘടനകളിൽ നിന്നു തന്നെ എതിർപ്പ് ഉയരുകയാണ്. പങ്കാളിയെ സ്വയം തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ കൂടുതൽ ഹനിക്കുന്നതാണ് നീക്കം. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പോലും ആൺകുട്ടികൾക്കെതിരെ അനാവശ്യകേസുകൾക്കും പെൺകുട്ടികളുടെ സ്വകാര്യതയുടെ ലംഘനത്തിനും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആൺകുട്ടികളുടെ വിവാഹപ്രായം കൂടി കുറച്ചു കൊണ്ടു വരികയാണ് വേണ്ടതെന്നും ഇടത് വനിത സംഘടനകൾ പറയുന്നു. അഖിലേന്ത്യ മഹിളാ അസോസിയേഷൻ നേതാവ് ആനി രാജയും സമാന നിലപാട് അറിയിച്ചിരുന്നു. 

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തെ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ നേതൃത്വവും എതിര്‍ത്തു. കേന്ദ്ര നീക്കം വിപരീത ഫലമുണ്ടാക്കുമെന്നും ആൺകുട്ടികളുടെ വിവാഹപ്രായം കൂടി 18 ആക്കി കുറയ്ക്കുകയാണ് വേണ്ടതെന്നുമാണ് ജനാധിപത്യ മഹിള അസോസിയേഷന്റെ നിലപാട്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സംസ്ഥാന ഘടകം തയ്യാറായിട്ടില്ല. കൂടതൽ ചര്‍ച്ച വേണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.

അതേ സമയം, മുസ്ലിം ലീഗിനും വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തോട് യോജിപ്പില്ല. മുസ്ലിം വ്യക്തിനിയമത്തിലുളള കടന്നുകയറ്റമെന്ന നിലപാടാണ് മുസ്ലിം ലീഗിന്. ഏകീകൃത സിവിൽ നിയമത്തിലേക്ക് നയിക്കാനുള്ള നീക്കം എന്നാണ് ലീഗിന്റെ ആരോപണം. ഇത് പ്രതിപക്ഷത്തെ മറ്റു പാർട്ടികളെയും സ്വാധീനിച്ചേക്കും. സിപിഎം ബില്ലിനെ എതിർക്കുമ്പോഴും കോൺഗ്രസ് ബില്ലിൻറെ കാര്യത്തിൽ നിലപാട് പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ചർച്ച നടക്കട്ടെ എന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.