Asianet News MalayalamAsianet News Malayalam

പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; കാണാമറയത്ത് ഇനിയും ഏഴ് പേര്‍

ദുരന്ത സ്ഥലത്ത് നിന്ന് 14 കിലോമീറ്റർ അകലെ  പുഴയോരത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. പുഴയോരത്ത് മരക്കൊമ്പിൽ തങ്ങി നിൽക്കുകയായിരുന്നു മൃതദേഹം. ഇതോടെ മരണം 63 ആയി.

rajamala pettimudi landslide one more dead body found
Author
Idukki, First Published Aug 20, 2020, 1:12 PM IST

ഇടുക്കി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടുക്കി രാജമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം 63 ആയി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ അകപ്പെട്ട ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

പെട്ടിമുടിയിൽ നിന്ന് 14 കിലോമീറ്റർ അകലെ പുഴയോരത്ത് നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയത്. പുഴയോരത്ത് മരക്കൊമ്പിൽ തങ്ങി നിൽക്കുകയായിരുന്നു മൃതദേഹം. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പുഴയിൽ ദൗത്യസംഘത്തിന്‍റെ തെരച്ചിൽ. ലയങ്ങൾക്ക് മുകളിലെ മണ്ണ് മറ്റൊരിടത്തേക്ക് മാറ്റിയുള്ള സൂക്ഷ്മപരിശോധനയും നടക്കുന്നുണ്ട്.

അവസാനയാളെയും കണ്ടെത്തും വരെ തെരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം. ദുരന്തത്തിനിരയായവർക്ക് ഉടൻ സഹായധനം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തബാധിതർക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തിൽ പരിക്കേറ്റവർക്കും സഹായം എത്തിക്കും. 

അതേസമയം, പെട്ടിമുടി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‍നാട് സർക്കാർ മൂന്ന് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം സഹായധനം നൽകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഫോണിൽ സംസാരിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios