കാസർകോട്: ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലേക്ക് തിരിച്ചു വരാൻ സാഹചര്യമൊരുങ്ങിയതോടെ  ചെക്ക് പോസ്റ്റുകളിൽ ഇവരെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു. ദേശീയപാതയായ 66,47,48 എന്നിവയിലൂടെ കാസ‍ർകോട് വഴി അന്യസംസ്ഥാനങ്ങളിൽ നിന്നും ആളുകൾ മടങ്ങി വരാനുള്ള സാധ്യത കണക്കിലെടുത്ത് കാസർകോട് തലപ്പാടി ചെക്ക് പോസ്റ്റിൽ വിപുലമായ സൗകര്യങ്ങളേ‍ർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. 

ജമ്മു കാശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്,  ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ബീഹാര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള ഏകദേശം 4500 ഓളം പേര്‍ നോ‍ർക്ക വെബ് സൈറ്റില്‍ തിരികെ വരാനായി രജിസ്‌റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ കളക്ട‍ർ ഡി.സജിത്ത് ബാബു അറിയിച്ചു. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍, ആരോഗ്യ സ്ഥിതി എന്നിവ പരിശോധിക്കുന്നതിനായി വിപുലമായ സംവിധാനങ്ങള്‍ ഈ സാഹചര്യത്തിൽ തയ്യാറാക്കിയിട്ടുണ്ട്. 

നാളെ മുതല്‍ (മേയ് നാലിന് )രാവിലെ എട്ടുമണി മുതല്‍ തലപ്പാടി ചെക്ക് പോസ്റ്റുകളിലെ 100 ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തന ക്ഷമമാകും.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോൾ ആണ് കളക്ട‍ർ ഇക്കാര്യം അറിയിച്ചത്. 

കര്‍ണ്ണാടക അതിര്‍ത്തിയില്‍നിന്നും  ജില്ലാ അതിര്‍ത്തിയിലെത്തുന്ന  ഓരോ വാഹനത്തിനും ആര്‍ ടി ഒ, പോലീസ്   ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കും. ഒന്നു മുതല്‍ 100 വരെയുള്ള ടോക്കണാണ് നല്‍കുക. ടോക്കണിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹെല്‍പ് ഡെസ്‌ക്കുകളിലേക്ക് ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവരെ രേഖകള്‍ പരിശോധിക്കുന്നതിന് കടത്തി വിടൂ. വാഹനത്തില്‍ നിന്ന് ക്യാപ്റ്റന്‍/ഡ്രൈവര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാകു. 

നാല് സീറ്റ് വാഹനത്തില്‍ മൂന്ന് പേരും ഏഴ് സീറ്റ് വാഹനത്തില്‍ അഞ്ചു പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു.  ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവര്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഒരു  ജെഎച്ച്ഐ, ആര്‍ ടി ഒ  റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച്   യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങള്‍, കോവിഡ് പ്രോട്ടോകോള്‍ പാലനം, നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തും.ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ  മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും.   

പരിശോധനയ്ക്കു് ശേഷം ജില്ലയിലുളളവരാണെങ്കില്‍ അവരെ ആംബുലന്‍സില്‍  നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കും. മറ്റ് ജില്ലയിലുളളവരാണെങ്കില്‍   സ്വദേശത്ത് എത്തിക്കുന്നതിന് അവരുടെ ചെലവില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി കൊടുക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു .തയ്യാറാക്കിയിട്ടുളള  ഹെല്‍പ് ഡെസ്‌ക്കുകളില്‍   ഓരോ അര മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കുന്നതിന്  ഫയര്‍ ആന്റ്  റെസ്‌ക്യൂ ഓഫീസറെ ചുമതലപ്പെടുത്തി. 

രോഗലക്ഷണങ്ങളുള്ളവരെ  ആശുപത്രികളില്‍ എത്തിക്കുന്നതിനായി ജില്ലയില്‍  ലഭ്യമായ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുളള  ആംബുലന്‍സുകളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് തയ്യാറാക്കി  അടിയന്തിര സേവനത്തിന് ഉപയോഗിക്കേണ്ട ആംബുലന്‍സുകള്‍ ഒഴിച്ച് ഹെല്‍പ് ഡെസ്‌ക്കുകളില്‍  സജ്ജമാക്കി നിര്‍ത്തും. തലപ്പാടിയില്‍ സജ്ജീകരിച്ചിട്ടുളള ഹെല്‍പ് ഡെസ്‌ക്കുകളില്‍  നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരുന്നതിന്  കാഞ്ഞങ്ങാട് , കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നും  തലപ്പാടിയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് കെ എസ് ആര്‍ ടി സി  ബസ്സ് ഏര്‍പ്പെടുത്തും. 

20 ഹെല്‍പ് ഡെസ്‌ക്കുകള്‍ക്ക് ഒരാളെന്ന തോതില്‍ 100 ഹെല്‍പ് ഡെസ്‌ക്കുകളില്‍  അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും  മൂന്നു ഷിഫ്റ്റുകളായി  15 സംരംഭകരെ  നിയോഗിക്കും. കാസര്‍കോട് ആര്‍ഡിഒയുടെ അസാന്നിധ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനുള്ള താല്കാലിക ചുമതല ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കാണ്. 

ജില്ലാ അതിര്‍ത്തി കടന്ന്  ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കൂടുതല്‍ ആളുകള്‍ വാഹനത്തില്‍ എത്തിച്ചേരാന്‍ സാധ്യത കാണുന്നതിനാല്‍  മെയ് നാല് മുതൽ ആദ്യത്തെ നാലു ദിവസങ്ങളില്‍  അതിര്‍ത്തിയില്‍ ഒരുക്കിയിട്ടുളള സംവിധാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 

കളക്ടറുടെ അധ്യക്ഷതയിൽ ചേ‍ർന്ന യോ​ഗത്തിലെ മറ്റു തീരുമാനങ്ങൾ

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് കാലതാമസം നേരിടില്ല

ആളുകള്‍  കോവിഡ് 19 രോഗലക്ഷണങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റ്  അനുവദിക്കുന്നതിന് ഡി എം ഒ യെ സമീപിക്കാന്‍ സാധ്യതയുണ്ട്.  ഇവര്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റ്  കാലതാമസമില്ലാതെ  വിതരണം ചെയ്യുന്നതിന്  എല്ലാ പി എച്ച് സി, സി എച്ച് സികളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.  ജില്ലയില്‍ നിന്ന്  കര്‍ണ്ണാടകയിലേക്ക്  ജത്സൂര്‍ റോഡ് മാര്‍ഗ്ഗം അന്യ സംസഥാന തൊഴിലാളികള്‍  കടന്നു പോകുന്നതിന് സാധ്യതയുണ്ട്.  അത്തരക്കാരെ  അതിര്‍ത്തി കടത്തി വിടുന്നതിന് നടപടി സ്വീകരിക്കും.  ജില്ലാ ലേബര്‍ ഓഫീസര്‍ തയ്യാറാക്കിയിട്ടുളള   അന്യ സംസ്ഥാന  തൊഴിലാളികളികളുടെ ലിസ്റ്റില്‍ നിന്നും കുറഞ്ഞത് 4000 പേരെ കണ്ടെത്തി അവരുടെ  പേര്,  വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഏത് സംസ്ഥാനത്തേക്ക് പോകുന്നു എന്നീ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ്  തയ്യാറാക്കുന്നതിന്  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടരെ ചുമതലപ്പെടുത്തി.

അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ സൗകര്യം 

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്.  ജില്ലയില്‍ നിന്ന് യാത്രയ്ക്ക് തയ്യാറായിട്ടുളള അതിഥി തൊഴിലാളികളെ കാസര്‍കോട്   എത്തിക്കുന്നതിന്( ഒരു ബസ്സില്‍ പരമാവധി 30 പേരെന്ന തോതില്‍) ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ ബസ്സ് ഏര്‍പ്പെടും.   ട്രെയിന്‍ യാത്രയ്ക്ക് തയ്യാറായിട്ടുളളവര്‍ സ്വന്തം ചെലവില്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കണമെന്നും ഇക്കാര്യം അതിഥി തൊഴിലാളികെള  അറിയിക്കണമെന്നും ജില്ലാ കളക്ടര്‍  ലേബര്‍     ഓഫീസറോട് ആവശ്യപ്പെട്ടു.

രാവിലെ ഏഴു മുതല്‍ അഞ്ച് വരെ കടകള്‍ തുറക്കാം
 ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുളള നിരോധനാജ്ഞയില്‍  രാവിലെ 11  മുതല്‍ വൈകിട്ട് അഞ്ച് വരെ അനുവദിച്ചിരുന്ന ഇളവുകള്‍ മെയ്‌നാല്  മുതല്‍   രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി ദീര്‍ഘിപ്പിച്ചു. എന്നാല്‍ ഏഴു മണിക്ക്  കടതുറക്കാന്‍ എന്ന ആവശ്യമുന്നയിച്ച് ആരെയും ഏഴുമണിക്കു മുൻപ് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

അലുമിനിയം ഫാബ്രിക്കേഷന്‍, തടിമില്ല്, പ്ലൈവുഡ് ഫാക്ടറികള്‍ തുറക്കാം
ഇന്ന് (മെയ് നാല്) മുതല്‍ അലുമിനിയം ഫാബ്രിക്കേഷന്‍, തടിമില്ല്, പ്ലൈവുഡ് ഫാക്ടറി എന്നിവ തുറന്ന് പ്രവര്‍ത്തിക്കും.  ഇവിടങ്ങളില്‍ അണുനശീകരണം നടത്തുന്നതിനും സാനിട്ടൈസര്‍, മാസ്‌ക്, ഗ്ലൗസ്  തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായും ഉപയോഗിക്കണം.

ഫോട്ടോ സ്റ്റുഡിയോകള്‍, പ്രീന്റിംഗ് പ്രസ്സുകളും എല്ലാ ചൊവ്വാഴ്ചയും തുറന്ന്  വൃത്തിയാക്കാം
ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫോട്ടോ സ്റ്റുഡിയോകള്‍, പ്രീന്റിംഗ് പ്രസ്സുകളും എല്ലാ ചൊവ്വാഴ്ചയും തുറന്ന്  വൃത്തിയാക്കാം.  എന്നാല്‍ പ്രവര്‍ത്തനം നടത്തുന്നതിന് അനുമതിയുണ്ടായിരിക്കില്ല.
 
ടാക്‌സി സര്‍വ്വീസ് ആരംഭിക്കാം, ഓട്ടോറിക്ഷ അനുവദിക്കില്ല

ജില്ലയില്‍ ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്‌സി സര്‍വ്വീസ്  അനുവദിക്കും.  ടാക്‌സി കാറില്‍ എ സി ഉപയോഗിക്കരുതെന്നും, ടാക്‌സിയില്‍ കയറുന്നതിനു മുമ്പ് സാനിട്ടൈസര്‍ ഉപയോഗിച്ച്  കൈകള്‍ വൃത്തിയാക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.  എന്നാല്‍ ഓട്ടോ റിക്ഷകള്‍ സര്‍വ്വീസുകള്‍ നടത്തുന്നതിന് അനുവദിക്കില്ല.

അവശ്യ സര്‍വ്വീസുകളില്‍പെട്ട സര്‍ക്കാര്‍ ഓഫീസ് തുറക്കും

അവശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ ( റവന്യൂ, പോലീസ്, കൃഷി, മൃഗ സംരക്ഷണം, ജില്ലാ പഞ്ചായത്ത്, ഫയര്‍ ആന്റ് റെസ്‌ക്യൂ,  തദ്ദേശ സ്ഥാപനങ്ങള്‍, ലേബര്‍,  ആര്‍ ടി ഒ, ഭക്ഷ്യ സുരക്ഷാ ലകുപ്പ്,  പി ഡബ്ല്യു ഡി, ഇറിഗേഷന്‍,  എല്‍ എസ് ജി ഡി എന്‍ജിനീയറിംഗ്,  കെ എസ് ഇ ബി,  വാട്ടര്‍ അതോറിറ്റി,  കുടുംബശ്രി, സിവില്‍ സപ്ലൈസ് )മെയ് നാല് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ  ആവശ്യത്തിനുള്ള ആവശ്യമായ സര്‍വ്വീസുകള്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് കെ എസ് ആര്‍ ടി സി നടത്തും.