സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജി വെക്കണമെന്നും രാജീവ് ചന്ദ്രശേഖർ.

കോട്ടയം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജി വെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാലാ ബിഷപ്പ് ഹൗസിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണപ്പാളി വിവാദുമായി ബന്ധപ്പെട്ട് തെറ്റുകാർ ജയിലിൽ പോകുന്നത് വരെ പ്രതിഷേധം തുടരും. എസ്ഐടിയിൽ കേരള പൊലീസ് മാത്രം പാടില്ല. സിബിഐ അന്വേഷണം വേണം. 30 വർഷത്തെ കാര്യങ്ങളിൽ കൃത്യമായി അന്വേഷണം നടക്കണം. അന്വേഷണം അട്ടിമറിക്കാനോ തടയാനോ ശ്രമിച്ചാൽ ബിജെപി ഇറങ്ങും. പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അത് പരിഹരിക്കാനാണ് ബിജെപിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം, ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി നടത്തിയത് സൗഹൃദ സന്ദർശനമാണെന്നും എല്ലായിടത്തും പോകുമ്പോൾ എല്ലാവരെയും പോയി കാണുന്നത് തന്റെ ഒരു പഴയ രീതിയാണെന്നും അതിപ്പോഴും തുടരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉപാധ്യക്ഷന്മാരായ ഷോൺ ജോർജ്, സി കൃഷ്ണകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.