അതിനിടെ, രാജീവ് ചന്ദ്രശേഖറെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചു.

തൃശൂർ: ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടുത്ത് നിന്നും ഉറപ്പ് ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കന്യാസ്ത്രീകളുടെ മോചനം ഉടൻ തന്നെ ഉണ്ടാകുമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാർ ആൻഡ്രൂസ് താഴത്തിലുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ബിജെപി അധ്യക്ഷൻ്റെ പ്രതികരണം. അതിനിടെ, രാജീവ് ചന്ദ്രശേഖറെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചു. എത്രയും പെട്ടെന്ന് ദില്ലിയിൽ എത്താനാണ് നിർദേശം. ഇന്ന് ഉച്ചയോടെ രാജീവ് ചന്ദ്രശേഖർ ദില്ലിയിലേക്ക് പുറപ്പെടും. 

വോട്ട് നോക്കിയല്ല ഒന്നും ചെയ്യുന്നതെന്നും തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ നടപടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാന സർക്കാർ ജാമ്യത്തിന് എതിരായി നിൽക്കില്ല. കന്യാസ്ത്രീകളുടെ മോചനം ഉടനെയുണ്ടാകും. എപ്പോഴാണ് എന്ന് ഇപ്പോൾ പറയാനാകില്ല. ഇതിനെ രാഷ്ട്രീയ നാടകമായി കാണരുത്. ചിലർ ജയിലിന് മുന്നിൽ പോയി രാഷ്ട്രീയ നാടകം കളിക്കുന്നുണ്ട്. കാര്യങ്ങൾ ധരിപ്പിക്കാനാണ് പിതാവിന്റെ മുന്നിലെത്തിയത്. പൊലീസാണ് അറസ്റ്റ് ചെയ്തത്. ബജ്റങ്ദൾ പ്രവർത്തകരല്ലലോ. ഇത് പ്രധാനപ്പെട്ട വിഷയമാണ്. മതംമാറ്റം നടന്നിട്ടില്ല എന്നുള്ളത് വ്യക്തമാണ്‌. ഉത്തരവാദിത്വമല്ല, രാഷ്ട്രീയ നാടകം തന്നെയാണ് അവിടെ കണ്ടത്. സർക്കാരിനും പാർട്ടിക്കും ഇപ്പോൾ ഒറ്റ ലക്ഷ്യമേ ഉള്ളൂ, അത് അവരുടെ മോചനമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.