പൂച്ച കണ്ണടച്ചു പാലുകുടിക്കുമ്പോൾ ആരും അറിയുന്നില്ലെന്നാണ് വിശ്വാസമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു

കാസര്‍കോട്: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. കഴിഞ്ഞ കുറെ കാലങ്ങളായി ശശി തരൂരിന്‍റെ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം സ്വയം പുറത്തു പോകട്ടെ എന്ന കോൺഗ്രസ് ഹൈക്കമാന്‍റെ നിലപാട് സുത്യര്‍ഹമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

ഈയിടെ ശശി തരൂര്‍ സ്വയം നടത്തിയ സർവേയിലൂടെ മുഖ്യമന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. ഒരു വിശ്വപൗരൻ കേരളം പോലുള്ള ഒരു ഇട്ടാവട്ടത്ത് തായം കളിക്കുന്ന രഹസ്യമാണ് മനസ്സിലാകാത്തത്. സർവേയിലെ വിശ്വാസ്വത സംബന്ധിച്ച് എല്ലാം എല്ലാവര്‍ക്കും അറിയാം. പൂച്ച കണ്ണടച്ചു പാലുകുടിക്കുമ്പോൾ ആരും അറിയുന്നില്ലെന്നാണ് വിശ്വാസമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു. കോൺഗ്രസ് പാർട്ടിയെ കൊണ്ട് അദ്ദേഹത്തിന് ആകാവുന്നതെല്ലാമായി. 

ശശി തരൂരിനെ ജയിലിൽ അടക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധം സൃഷ്ടിച്ചത് കോൺഗ്രസ് പാർട്ടിയാണ്. നന്ദികേടാണ് അദ്ദേഹം പാർട്ടിയോട് ചെയ്യുന്നത്.ഈ നന്ദികേടിന് അദ്ദേഹം പശ്ചാത്തപിക്കേണ്ടിവരും. സ്ഥാനമാനങ്ങൾ നോട്ടമിട്ടാണ് തരൂരിന്‍റെ കളി. എന്തെങ്കിലും ആദർശത്തിന്‍റെ പേരിലല്ല മറുഭാഗത്തേക്ക് പോകാൻ ശ്രമിക്കുന്നത്. 

മാളിക മുകളിൽ ഏറിയ മന്നന്‍റെ തോളിൽ മാറാപ്പു കേറിയിരിക്കും. അദ്ദേഹത്തിന്‍റെ ഓരോ നീക്കങ്ങളും പ്രസ്താവനകളും സദുദ്ദേശപരമല്ലെന്നും അദ്ദേഹം സ്വയം കുഴി തോണ്ടി കൊണ്ടിരിക്കുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ശശി തരൂരിന് സ്ഥാനമാനങ്ങൾ നൽകിയത് എല്ലാം വിശ്വ പൗരൻ എന്ന നിലയ്ക്കാണെന്നും അതിപ്പോൾ കോൺഗ്രസിന് കോടാലിയായി മാറിയിരിക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.