തിരുവനന്തപുരം: നിയോജകമണ്ഡലങ്ങളില്‍ നടക്കുന്ന 395.72 കോടി  വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി  നല്‍കിയതില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് നല്‍കി. ധനകാര്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കുന്ന കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഭരണപക്ഷ അംഗങ്ങളുടെ മണ്ഡലങ്ങളില്‍ മാത്രം വര്‍ക്കുകള്‍ അനുവദിക്കുന്ന രീതി കേട്ടുകേൾവി ഇല്ലാത്തതാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

ഭരണ-പ്രതിപക്ഷ വേര്‍തിരിവ് പ്രകടിപ്പിക്കാതെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏതാണ്ട് എല്ലാ വികസന പദ്ധതികളും അനുവദിച്ചിരുന്നത്. ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ വികസന കാര്യത്തില്‍ കടുത്ത വേര്‍തിരിവും, വിവേചനങ്ങളും പ്രതിപക്ഷ എംഎല്‍എമാര്‍ നേരിടുന്നു. ഇത്തരത്തില്‍ പാടേ അവഗണിക്കപ്പെടുന്നത് ആദ്യമായിട്ടാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ശക്തമായി ഇടപെട്ട് ഈ നടപടി റദ്ദാക്കി പ്രതിപക്ഷ എംഎല്‍എമാരുടെ  മണ്ഡലത്തില്‍ വര്‍ക്കുകള്‍ അനുവദിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.