തിരുവനന്തപുരം: വിശ്വാസത്തിനൊപ്പമെന്ന് പറയുന്നതിലൂടെ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പരാജയത്തിൽ നിന്നും പാഠം ഉൾക്കൊളളാൻ തയ്യാറാകുന്നില്ല എന്നാണ് മനസിലാകുന്നതെന്നും ജനങ്ങളെ തുടർച്ചയായി പരിഹസിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

പാർട്ടിയുടെ തെറ്റു തിരുത്തൽ ജനങ്ങളെ കബളിപ്പിക്കലാണ്. ഈ വിഷയം പാലാ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മോദി സ്തുതി തരൂർ വിഷയത്തിൽ ഇനി ചർച്ചയില്ലെന്നും  ആ വിഷയം അവസാനിച്ചെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമലയിൽ സർക്കാ‍ർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്നും സിപിഎം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നുവെന്നും മത്രിസഭാ യോ​​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിൽ വിശ്വാസികൾക്കായി നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവർ വഞ്ചിക്കുകയല്ലേ ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രത്യേകിച്ച് ക്ഷീണമൊന്നും വരാനില്ല. എല്ലാ തെരഞ്ഞെടുപ്പിലും ഭരണത്തിന്‍റെ വിലയിരുത്തൽ നടക്കും. പാലാ ഉപതെരഞ്ഞെടുപ്പും ഭരണത്തിന്‍റെ വിലയിരുത്തൽ തന്നെയാകും. നിലവിൽ യുഡിഎഫ് ക്യാമ്പിൽ സ്ഥാനാർത്ഥിയാരെന്നതിൽ ഇതുവരെ തീരുമാനവുമായിട്ടില്ല. വലിയ തർക്കവും നടക്കുകയാണ്. അതിലൊന്നും ഞാൻ അഭിപ്രായം പറയാനില്ല. പക്ഷേ, എൽഡിഎഫിന് മികച്ച പ്രതീക്ഷ തന്നെയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.