തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ തെളിവുകൾ നശിപ്പിക്കാൻ സം​ഘടിത നീക്കം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷത്തിന് നേരെ ഈയവസരത്തിൽ കുതിര കയറുന്നത് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ്. സർക്കാരിന്റെ ഭാ​ഗമായ എട്ട് പേർ കേസിൽ ഇപ്പോൾ സംശയത്തിന്റെ നിഴലിലാണെന്നും ചെന്നിത്തല പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുമ്പോൾ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ്. ഓട്ടം തുടങ്ങിയപ്പോഴേ ജയിച്ചുവെന്ന് സർക്കാർ പ്രചരിപ്പിച്ചു. മാരത്തോൺ ഓട്ടമെന്ന് ഇപ്പോഴെങ്കിലും സർക്കാരിന് ബോധ്യമായല്ലോ. കാര്യങ്ങൾ കൈവിട്ടു പോയി എന്ന് തോന്നിയപ്പോൾ പ്രതിപക്ഷത്തെ എന്തും വിളിച്ച് പറയുന്നു. ചെയ്യാത്ത കാര്യങ്ങൾ പി ആർ ഏജൻസികൾ എഴുതി കൊടുക്കുന്നത് മുഖ്യമന്ത്രി വായിക്കുന്നു. മുഖ്യമന്ത്രിയുടെ പറച്ചിൽ കേട്ടാൽ പ്രതിപക്ഷം ഭരണപരമായ കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടാണ് രോഗവ്യാപനം ഉണ്ടായത് എന്ന് തോന്നും.

ചീഫ് സെക്രട്ടറി രാജാവിനേക്കാൾ രാജഭക്തി കാണിക്കേണ്ടതില്ല. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ നിയമനം മിന്റ് എന്ന സ്ഥാപനമാണ് കിൻഫ്ര വഴി നടത്തുന്നത്. സെക്രട്ടേറിയറ്റിൽ നിയമിച്ച മുഴുവൻ പേരുടേയും ലിസ്റ്റ് ചീഫ് സെക്രട്ടറി പ്രസിദ്ധീകരിക്കണം. ലെറ്റർ ഹെഡിൽ സർക്കാർ എംബ്ലം അടിക്കാം എന്ന ചീഫ് സെക്രട്ടറിയുടെ ഉത്തവും കേന്ദ്ര ചട്ടലംഘനമാണ്. ഡെപ്യൂട്ടി സെക്രട്ടറിക്ക് മുകളിലുള്ളവർക്ക് മാത്രമേ എംബ്ലം അടിക്കാനാവൂ. വിവാദ സ്ത്രീയെ സംരക്ഷിക്കാനാണ് താല്കാലിക ജീവനക്കാർക്കും സർക്കാർ എംബ്ലം ഉപയോഗിക്കാമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. 

ഓഫീസ് ഭരിക്കാൻ കഴിയാത്ത മുഖ്യമന്ത്രി നാട് എങ്ങനെ ഭരിക്കും. മുഖ്യമന്ത്രി രാഷ്ട്രീയം കളിച്ചാൽ തിരിച്ചും കളിക്കും. സഭാ സമ്മേളനം തീരുമാനിച്ചത് സർക്കാരാണ്. അതിനോട് സഹകരിക്കുന്നു. മാധ്യമ പ്രവർത്തകരാണ് തന്റെ പി ആർ ഏജൻസി. തങ്ങൾ കൺസൽറ്റൻസിക്ക് എതിരല്ല, പക്ഷേ കാര്യങ്ങൾ സുതാര്യമാകണം എന്നാണ് നിലപാട്. ഉമ്മൻ ചാണ്ടിയുടെ കാലത്താണ് കൺസെൽറ്റൻസി രാജ് എന്നത് തെറ്റായ പ്രചാരണമാണെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.