Asianet News MalayalamAsianet News Malayalam

'മുട്ടുകാലിൽ നിന്ന് യാചിച്ചിട്ടും മുഖ്യമന്ത്രിയുടെ മനസ്സലിഞ്ഞില്ല; സർക്കാര്‍ ദുർവാശി ഉപേക്ഷിക്കണം': ചെന്നിത്തല

കമൽ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയമനമെന്ന് ആരോപിച്ച ചെന്നിത്തല, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരള ബാങ്ക് പിരിച്ചു വിടുമെന്നും പറഞ്ഞു. 

ramesh chennithala against pinarayi vijayan on psc rank holders strike
Author
Alappuzha, First Published Feb 16, 2021, 10:01 AM IST

ആലപ്പുഴ: പിൻവാതിൽ നിയമനങ്ങളിൽ സർക്കാർ സംവരണ തത്വങ്ങൾ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി തടഞ്ഞത് സർക്കാരിനേറ്റ പ്രഹരമാണ്. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടണം. നിയമനങ്ങളില്‍ പൂർണമായും രാഷ്ട്രീയ മാനദണ്ഡം മാത്രമാണ് പരിഗണിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.

പിഎസ്‍സി റാങ്ക് ഹോൾഡ്‌സ്ഴ്‌സിന്റെ സമരം ഒത്തുതീർപ്പാക്കാൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ശ്രമിക്കാത്തതെന്ന് ചോദിച്ച ചെന്നിത്തല, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ദുർവാശി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. മുട്ടുകാലിൽ നിന്ന് യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ് അലിയുന്നില്ല. ഇത് ധാർഷ്ട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കമൽ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയമനം. 6 മാസത്തിനുള്ളിൽ 1659 പേരെ കമൽ മാനദണ്ഡത്തിൽ നിയമിച്ചുവെന്ന് ആരോപിച്ച ചെന്നിത്തല, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരള ബാങ്ക് പിരിച്ചു വിടുമെന്നും പറഞ്ഞു.

കൊവിഡ് പ്രതിരോധം സമ്പൂർണ്ണമായി പരാജയപ്പെട്ടു. ആലപ്പുഴ ജില്ലയിൽ നാല് മന്ത്രിമാരുണ്ടായിട്ടും ഒരു  രൂപ പോലും കുട്ടനാട് പാക്കേജിനായി ചിലവഴിച്ചില്ല. കയർ വ്യവസായത്തെ തോമസ് ഐസക് മ്യൂസിയത്തിലാക്കിയെന്നും ചെന്നിത്തല വിമര്‍ശിച്ചു. 

ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തത് ഗൗരവകരമായ വിഷയമാണ്. യുവാക്കളെയും പരിസ്‌ഥിതി പ്രവർത്തകരെയും തുറങ്കിലടക്കുന്നു. ഇത് ജനാധിപത്യതത്തിലേക്കുള്ള കടന്നു കയറ്റമാണ്. അറസ്റ്റ് നടപടികളിൽ നിന്നും കേന്ദ്രം പിന്മാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാണി സി കാപ്പന്‍റെ മുന്നണി പ്രവേശനം യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios